കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇരുവരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്രസർക്കാർ അവതരിപ്പിക്കും. പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ പ്രസംഗത്തിനിടെ ആക്രോശിച്ച് ഓടിയെത്തി എന്ന പേരിലാണ് നടപടി. ഇവര്‍ മന്ത്രിയോട് മാപ്പുപറയാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് നടപടി നേരിടേണ്ടി വരിക. ലോക്സഭയില്‍ നിന്ന് സെക്ഷന്‍ 374 പ്രകാരം അഞ്ച് ദിവസത്തേക്കായിരിക്കും സസ്പെന്ഷന് നേരിടേണ്ടി വരികയെന്നാണ് വിവരം.
വളരെ മോശം പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതെന്ന് സ്മൃതി ഇറാനി തുറന്നടിച്ചിരുന്നു. സ്പീക്കറോട് ഇക്കാര്യത്തില്‍ പരാതി പറയുകയും ചെയ്തിരുന്നു. ഒരു സ്ത്രീയായത് കൊണ്ടാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ എത്ര ശ്രമിച്ചാലും താന്‍ സംസാരിക്കുമെന്നും, സ്ത്രീയായത് കൊണ്ട് തന്നെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
ബിജെപി നേതാവ് മീനാക്ഷി ലേഖി കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ ചൗധരിയോട് എംപിമാരോട് മാപ്പുപറയാന്‍ ആവശ്യപ്പെടണമെന്നും പറഞ്ഞിരുന്നു. സഭയിലെ വനിതാ അംഗമാണ് അവര്‍. അപലപിക്കേണ്ട കാര്യമാണ് കോണ്‍ഗ്രസ് എംപിമാരില്‍ നിന്നുണ്ടായതെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഉന്നാവ് ബലാത്സംഗ കേസില്‍ സ്മൃതി ഇറാനി സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് എംപിമാർ പ്രതിഷേധമുയർത്തിയത്..