ഡൽഹി: ഒടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് വഴി തെളിയുന്നു. സീറ്റ് വിഭജന ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് രാഹുല്‍ ഗാന്ധി അനുമതി നല്കി. ചര്‍ച്ചകള്‍ വിജയിച്ചാല്‍ ആകെയുള്ള ഏഴു സീറ്റില്‍ നാലില്‍ ആം ആദ്മി പാര്‍ട്ടിയും മൂന്നില്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ മാസങ്ങള്‍ നീണ്ട സീറ്റ് ചര്‍ച്ചകളാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ആം ആദ്മിയുമായുള്ള സഖ്യനീക്കത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതോടെ ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് എഐസിസി നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാക്കിയാല്‍ വരുന്ന നിയമസഭാ പോരാട്ടത്തില്‍ തിരിച്ചടി ആകുമെന്ന സംസ്ഥാന നേതാക്കളുടെ ആശങ്കയെ തുടര്‍ന്നാണ് നീക്കുപോക്ക് നീണ്ടുപോയത്.
ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റില്‍ നാലില്‍ ആം ആദ്മിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കുക എന്നതാണ് നിലവില്‍ രൂപംകൊണ്ടിരിക്കുന്ന ധാരണ. ന്യൂഡല്‍ഹി,ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റുകള്‍ കോണ്‍ഗ്രസിനും ബാക്കി സീറ്റുകള്‍ ആം ആദ്മിക്കും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.