ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ പ്രതിപക്ഷത്തിന്റെ ബദൽ സർക്കാർ ശ്രമങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. രാഹുൽ ഗാന്ധിയുമായും സോണിഗാന്ധിയുമായും നടത്താനിരുന്ന കൂടികാഴ്ച ബിഎസ്പി നേതാവ് മായാവതി റദ്ദാക്കി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ നാളെ നടത്താൻ ആലോചിച്ച യോഗം ഉപേക്ഷിച്ചു. ബിജെപി ഇതര സർക്കാർ രൂപീകരണത്തിനായുള്ള ഔപചാരിക ചർച്ചകൾ ഫലം വന്ന ശേഷം മതിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ പുതിയ തീരുമാനം. അതേസമയം മുൻനിശ്ചയിച്ച് യോഗങ്ങളുമായി എൻഡിഎ മുന്നോട്ട് തന്നെ. നാളെ എൻഡിഎ ഘടകക്ഷികൾ ഡൽഹിയിൽ യോഗം ചേരും.
ആശങ്കയിലാണ് പ്രതിപക്ഷം. എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലിച്ചാലും ഇല്ലെങ്കിലും പ്രതിപക്ഷത്തെ ആങ്കയിലാക്കാൻ ഇതിന് കഴിഞ്ഞു. ബിജെപി ഇതര സർക്കാർ രൂപീകരണ ശ്രമങ്ങളുടെ വേഗം കുറഞ്ഞു. ഇതിനായുള്ള കൂടികാഴ്ചകൾ റദ്ദാക്കപ്പെട്ടു. ഇനി ഔദ്ദ്യോഗിക ചർച്ചകൾ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം. അതായത് ഫലം വന്ന് ഓരോ പാർട്ടിയുടെയും അംഗബലം ഉറപ്പിച്ച ശേഷം മാത്രം.
ബിഎസ്പി അധ്യക്ഷ മായവതിയുടെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമാണ് ഈ നിലപാട് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യു പി എ ചെയർ പേഴ്സൻ സോണിയ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മായാവതി പിന്മാറി. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിൽ എടുക്കാതെ ഫലം വരുന്നത് വരെ കാത്തിരിക്കൂവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിർദ്ദേശിച്ചു.