

ചെന്നൈ: തമിഴ്നാട്ടിൽ പാർട്ടി ബാനർ വീണ് ടെക്കി മരിക്കാനിടയായ സംഭവത്തിൽ കാറ്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവ് സി പൊന്നയ്യൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ ബാനർവെച്ച പാർട്ടി മുൻ കൗൺസിലർ ജയഗോപാലിനെതിരെ കേസെടുത്തിരുന്നു.


പാർട്ടിയിലെ മുതിർന്ന നേതാവാണ് പൊന്നയ്യ. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അപൂർവ വാദം. അപകടത്തിൽ മരിച്ച ശുഭശ്രീയെ മനഃപൂർവം അപകടപ്പെടുത്താനല്ല ജയഗോപാൽ ബാനർ വെച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ വിവാഹം അറിയിക്കാനായിരുന്നുവെന്നും പൊന്നയ്യ പറഞ്ഞു.


കാറ്റാണ് ബാനർ വീണ് അപകടമുണ്ടാവാൻ കാരണം. അതിനാൽ കാറ്റിനെതിരെ കേസെടുക്കണം- പൊന്നയ്യ പറഞ്ഞു. ശുഭ ശ്രീയുടെ വിധി ഈ രീതിയിൽ മരിക്കാനാണെന്ന് എഐഎഡിഎം സഖ്യകക്ഷി ഡിഎംഡികെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെപ്തംബർ 12നാണ് ബാനർ വീണ് ശുഭശ്രീ മരിച്ചത്. ടൂ വീലറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.