ന്യൂഡൽഹി: ഹാർദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു (Sunil Jakhar Joins BJP).വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് അനഭിമതനായതെന്നും നിശബ്ദനാക്കാനാവില്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്.
ഡൽഹിയിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് സുനിൽ ജാക്കർ പാർട്ടിവിട്ടത്. ബിജെപി ദേശീയ ആസ്ഥാനത്തെത്തി ജാക്കര്‍ അംഗത്വമെടുത്തു. ദേശീയത, ഐക്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടിന്റെ പേരില്‍ അന്‍പത് വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ജാക്കര്‍ പറഞ്ഞു.
അച്ചടക്ക ലംഘനം നടത്തിയതിന് കഴിഞ്ഞ ഏപ്രിൽ 11 ന് ജാക്കറിനും കെ വി തോമസിനും കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജാക്കർ വിശദീകരണം നൽകിയിരുന്നില്ല. കോൺഗ്രസ് അച്ചടക്കസമിതി അംഗങ്ങളായ താരിഖ് അൻവർ, ജെ പി അഗർവാൾ, അംബിക സോണി എന്നിവർക്കെതിരെയും ജാക്കർ രൂക്ഷമായ വിമർശനം ഉന്നയിച്ചു.