പ്രധാനമന്ത്രിയായ ശേഷം 2016 മെയ് 16ന് നരേന്ദ്രമോദിയെ കാണുവാനായി അമ്മ അദ്ദേഹത്തിന്റെ റെയ്സ് കോഴസ് റോഡിലുള്ള ഔദ്യോഗിക വസതിയിലെത്തിയ സന്ദര്‍ഭത്തെ കുറിച്ച് മോദി ഇങ്ങനെ കുറിച്ചു- ഏറെ നാളുകള്‍ക്ക് ശേഷം അമ്മയോടൊപ്പം ചില നല്ല നിമിഷങ്ങള്‍ ചെലവഴിച്ചു. റെയ്സ് കോഴസ് റോഡിലെ വീട്ടിലേക്കുള്ള അമ്മയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.
അമ്മയുടെ നൂറാം ജന്മദിനം ആഘോഷിക്കാൻ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രായം അമ്മയുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും, എന്നാൽ മാനസികമായി അമ്മ എന്നത്തേയും പോലെ തന്നെ ഉന്മേഷവതിയാണെന്നും, അമ്മ ഹിരാബയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'' മഴക്കാലത്ത് ഞങ്ങളുടെ വീട് ചോർന്നൊലിക്കുമായിരുന്നു. ചോർച്ച ഒഴിവാക്കാൻ വെള്ളം വീഴുന്ന ഭാഗത്ത് അമ്മ ബക്കറ്റുകളും മറ്റ് പാത്രങ്ങളും വെയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു. ഇതൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി അമ്മ ഈ വെള്ളം ഉപയോഗിക്കും എന്നതാണ്. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണം വേറെന്താണുള്ളത്,'' അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
ശുചീകരണ യജ്ഞത്തിനായുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. ''ഈ പ്രായത്തിലും അമ്മയുടെ ശുചിത്വം നമുക്ക് കാണാവുന്നതാണ്. ഗാന്ധിനഗറിൽ പോയി ഞാൻ അമ്മയെ കാണുമ്പോഴെല്ലാം അമ്മ കൈ കൊണ്ട് മധുരപലഹാരങ്ങൾ എനിക്ക് വായിൽ വെച്ച് തരാറുണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ, ഒരു കൊച്ചുകുട്ടിയോടെന്ന പോലെ അമ്മ ഒരു തൂവാല എടുത്ത് എന്റെ മുഖം തുടച്ചുതരാറുണ്ട്. അമ്മയുടെ സാരിയിൽ എപ്പോഴും ഒരു ചെറിയ തൂവാല വെച്ചിട്ടുണ്ടാകും,'' മോദി എഴുതി.