2020 മാർച്ചിൽ രാജ്യത്തെയാകെ നിശ്ചലമാക്കിയ ലോക്ക്ഡൗൺ (Covid Lockdown) പ്രഖ്യാപിച്ചതിന് 48 മണിക്കൂറുകൾക്ക് ശേഷം കേന്ദ്രസർക്കാർ വലിയൊരു ആശ്വാസപദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി (PM-GKY) പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിലൂടെ (PMGKAY) രാജ്യത്തെ ദരിദ്രരായ മനുഷ്യർക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. രാജ്യം മഹാമാരിയെ നേരിട്ട കാലത്ത് ഏകദേശം 80 കോടി ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ ഭക്ഷണം ഉറപ്പാക്കിയത്.
2020 മാർച്ച് 24ന് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ സമ്പൂർണ അടച്ചിടൽ അക്ഷരാർഥത്തിൽ രാജ്യത്തെ നിശ്ചലമാക്കുകയാണ് ചെയ്തത്. ആർക്കും ജോലിക്ക് പോവാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. കൂലിവേല കൊണ്ട് നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബങ്ങളെ ലോക്ക്ഡൗൺ വലിയ പ്രതിസന്ധിയിലാക്കി. പ്രായമായവരും ഭിന്നശേഷിക്കാരുമൊക്കെ ബുദ്ധിമുട്ട് നേരിട്ടു. രാജ്യത്തെ സാധാരണക്കാരെ മുഴുവൻ ലോക്ക്ഡൗൺ വലിയ തോതിൽ ബാധിച്ചുവെങ്കിലും കുടിയേറ്റ തൊഴിലാളികളെയും കൂലിവേല ചെയ്യുന്നവരെയും വല്ലാത്ത പ്രതിസന്ധിയിലേക്ക് തന്നെയാണ് തള്ളിവിട്ടത്. ഈ ഘട്ടത്തിലാണ് ഇവരെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ സഹായഹസ്തവുമായി എത്തിയത്.
2020 മാർച്ച് 26ന് പിഎംജികെവൈയിലൂടെ 2.76 കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ ദരിദ്രരെയും സജ്ജരാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യർക്ക് അവശ്യവസ്തുക്കൾ ലഭിക്കുന്നതിനോ വാങ്ങുന്നതിനോ ബുദ്ധിമുട്ട് നേരിടാതിരിക്കാൻ സർക്കാർ ഇടപെടൽ നടത്തി.
പിഎംജികെവൈ പദ്ധതിയിലൂടെ 80 കോടി ആളുകൾക്കാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. 8 കോടി കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതകവും നൽകി. കർഷകരും സ്ത്രീകളും പ്രായമായവരും ഭിന്നശേഷിക്കാരുമടങ്ങിയ, ബുദ്ധിമുട്ടുകൾ നേരിടുന്ന 40 കോടി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണമെത്തിച്ച് സഹായിക്കുകയും ചെയ്തു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സാധാരണ വിതരണം ചെയ്യാറുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇരട്ടിയാണ് ഈ സമയത്ത് നൽകിയത്. അന്ത്യോദയ അന്നയോജന പദ്ധതിയിൽ റേഷൻ കാർഡുകൾ വഴി ഓരോ കാർഡുടമയ്ക്കും സാധാരണ നൽകുന്നതിലും അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ അധികം നൽകുകയും ചെയ്തു. ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് (ടിപിഡിഎസ്) കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ഗുണം ലഭിച്ചു.
2020 ജൂൺ വരെ മൂന്ന് മാസത്തേക്കാണ് ആദ്യം പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് നവംബർ വരെ 5 മാസം കൂടി നീട്ടി. കൊറോണയുടെ രണ്ടാം തരംഗ സമയത്ത് 2021 മെയിൽ വീണ്ടും പദ്ധതി പുനരാരംഭിച്ചു. 2021 ജൂണിൽ അവസാനിപ്പിക്കേണ്ടിയിരുന്ന പദ്ധതി പിന്നീട് നവംബറിലേക്കും ഒടുവിൽ 2022 മാർച്ച് വരെയും നീട്ടി. 759.22 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളുമായി നിലവിൽ പദ്ധതി അഞ്ചാം ഘട്ടത്തിലാണ്. മാർച്ച് 31നാണ് ഇത് അവസാനിക്കാൻ പോവുന്നത്.
അതേസമയം കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നില്ല. അവർ നിന്നിരുന്ന സ്ഥലത്ത് റേഷൻ കാർഡ് ഇല്ലാതിരുന്നതും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരാതിരുന്നതുമാണ് അവർക്ക് പ്രതിസന്ധിയായത്. എന്നാൽ, ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിലൂടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് രണ്ട് മാസത്തേക്ക് സൗജന്യഭക്ഷ്യധാന്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 3500 കോടി ചെലവിൽ എട്ട് കോടി കുടിയേറ്റ തൊഴിലാളികൾക്ക് സഹായം നൽകിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.