ഏഴുവർഷം മുമ്പ് ആരോരുമറിയാത്ത കുറച്ചു പേരെ സഥാനാർഥികളാക്കിയാണ് ആം ആദ്മി പാർട്ടി വന്നത്. ഞെട്ടിക്കുന്ന പ്രകടനത്തിൽ 28 സീറ്റ് നേടിയപ്പോൾ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. സ്ഥാനം രണ്ടാമതായിരുന്നു താനും. ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അരവിന്ദ് കെജരിവാൾ 25,864 വോട്ടുകൾക്ക് വിജയിച്ചു. ഒന്നാമതെത്തിയ ബിജെപിക്ക് 31 സീറ്റുകൾ കൊണ്ട് തൃപ്തിയടയേണ്ടി വന്നു. അകാലിദളിന്റെ ഒരു സീറ്റും ചേർന്നാലും ഭരണത്തിന് പുറത്തു നിൽക്കേണ്ടി വന്നു. 15 വർഷം ഭരിച്ച കോൺഗ്രസിനാകട്ടെ 8 സീറ്റു മാത്രമായി.
ഭൂരിപക്ഷമില്ലാത്ത സർക്കാരിന്റെ തലവനായി കുറച്ചു നാൾ മുഖ്യമന്ത്രിയായി കെജരിവാൾ. എന്നാൽ ജനങ്ങൾക്ക് കെജരിവാളിലുള്ള വിശ്വാസം ഇരട്ടിയാകുന്നതാണ് അടുത്ത തെരഞ്ഞെടുപ്പിൽ കണ്ടത്. 2015-ൽ എഴുപത് സീറ്റുകളിൽ അറുപത്തിഏഴിലും ജയിച്ച് ചരിത്രവിജയം കുറിച്ചു. ബിജെപി കേവലം മൂന്നു സീറ്റുകളിൽ ഒതുങ്ങി. 57213 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെജരിവാൾ 2015 ഫെബ്രുവരി 14 ന് രാംലീല മൈതാനിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു
ആരാണയാൾ ? .... ഹരിയാനയിലെ ഹിസാർ സ്വദേശിയായ അരവിന്ദ് കെജരിവാൾ അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. 1968 ജൂൺ പതിനാറിന് ഒരു ഇടത്തരം കുടുംബത്തിലാണ് ജനനം. ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. 2006ൽ ഇൻകംടാക്സ് വകുപ്പിലെ ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ചാണ് കെജരിവാൾ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്. ഡെൽഹി കേന്ദ്രമാക്കി പരിവർത്തൻ എന്ന കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 2012 സെപ്റ്റംബറിൽ ആം ആദ്മി പാർട്ടിയുണ്ടാക്കി.
ജനപ്രിയ നടപടികൾ.... ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഒരു വലിയ പ്രതീക്ഷയുടെ പിൻബലത്തിലാണ് ആം ആദ്മി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ അത് താനും മന്ത്രിസഭയും ചെയ്ത ജോലിയുടെ റിപ്പോർട്ട് കാർഡിന്റെ ഉറപ്പിലാണ്. ഞങ്ങളുടെ പ്രവർത്തിയുടെ പേരിൽ വോട്ടു തരൂ, ആം ആദ്മി വോട്ടു ചോദിച്ചതിങ്ങനെ. അത് സീറ്റുകളിൽ നേരിയ കുറവ് വരുത്തിയെങ്കിലും ഭരണത്തിന് വഴിമുടക്കിയില്ല. പല വീടുകളിലും വൈദ്യുതി ബിൽ സംഖ്യ പൂജ്യമാണ്. കാരണം 200 യുണിറ്റ് വരെ വൈദ്യതി സൗജന്യം. വെള്ളത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. 20000 ലിറ്റർവരെ സൗജന്യം. ഇതിനേക്കാൾ ഞെട്ടിച്ച ഒരു തീരുമാനമായിരുന്നു വനിതകൾക്ക് ബസ് യാത്ര സൗജന്യമാക്കിയത്. പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പൊതു ആരോഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും ഏറ്റവും മുൻനിരയിലുണ്ടെന്ന് ഡൽഹി ഓർമിപ്പിച്ചു.
രാഷ്ട്രീയത്തോട് കൃത്യമായ അകലം .... സിഎ എ പോലെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ പേരിൽ കെജരിവാളിനെ ഇറക്കാൻ ബിജെപി ആവുന്നത് ശ്രമിച്ചെങ്കിലും അതിൽ നിന്നും കൃത്യമായ അകലം പാലിച്ചാണ് വോട്ടിലേക്കുള്ള വഴി എളുപ്പമാക്കി. എന്നാൽ മുസ്ലിം വോട്ടുകൾ കൃത്യമായി ആം ആദ്മിയിലേക്ക് തന്നെ വന്നുവെന്ന് ഫലം സൂചിപ്പിക്കുന്നു. സാംസ്കാരിക ഹിന്ദു എന്ന രീതിയിൽ നിന്ന് താനൊരു ഹിന്ദു വിരുദ്ധനല്ലെന്ന പ്രതീതിയും ഊട്ടിയുറപ്പിച്ച വികസന നായകൻ എന്ന പ്രതിച്ഛായയിൽ ഹിന്ദുക്കളും ഒപ്പം നിന്നു.
പ്രതിച്ഛായ.... അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത മധ്യവർഗ നേതാവെന്ന പ്രതിച്ഛായയാണ് കെജരിവാളിനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. രാഷ്ട്രീയക്കാരന്റെ പതിവ് വേഷമില്ല. പാന്റ്സും ഷർട്ടും ധരിച്ച് ഇടത്തരം കാറിൽ യാത്ര, സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ, റാങ്കോടെ ഐഐടി പ്രവേശനം നേടുന്ന മകൻ. ഡൽഹിയിലെ ഏതൊരു മധ്യവർഗ കുടുംബത്തിനും അടുത്തറിയാൻ പറ്റുന്ന ഒരു കുടുംബ പശ്ചാത്തലം.
വെല്ലുവിളികൾ.... ജനപ്രിയപരിപാടികളുടെ എണ്ണം കൂടുന്നത് എങ്ങനെ ബജറ്റിനെ ബാധിക്കുമെന്നത് നിർണായകമാണ്. അതിനൊപ്പം ഇനിയും അത്തരം പരിപാടികൾ വേണമെന്ന ആവശ്യവും വോട്ടർമാർക്കിടയിൽ നിന്നുണ്ടാകും. നിർണായകമായ രാഷ്ട്രീയ നിലപാട് ഇതുവരെ സുരക്ഷിതമായ അകലത്തായിരുന്നുവെങ്കിൽ ഇനി അത് എളുപ്പമാകില്ല. ആ നിലപാടും നിർണായകമാകും.