1951 ലെ നിയമം (1951 President’s (Emoluments) and Pensions Act) അനുസരിച്ചാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് ശമ്പളം നൽകുന്നത്. ഭരണഘടനയുടെ 266(1) ആർട്ടിക്കിൾ പ്രകാരമുള്ള കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. 2017ലാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയത്. ഇതു കൂടാതെ സൗജന്യ താമസവും ആരോഗ്യ മെഡിക്കൽ സേവനങ്ങളും ചികിത്സയും ലഭിക്കും.
രാഷ്ട്രപതി സ്ഥാനമൊഴിയുന്നവർക്ക് താമസിക്കാൻ വീടും (മെയിന്റനൻസ് ചെലവ് ഉൾപ്പെടെ) ബ്രോഡ് ബാൻഡ് കണക്ടിവിറ്റി ഉൾപ്പെടെ രണ്ട് ടെലിഫോണുകളും ലഭിക്കും. ഒരു മൊബൈല്‍ ഫോണ്‍, സൗജന്യ ചികിത്സ (ഭാര്യ/ ഭർത്താവ് ഉൾപ്പെടെ), ഔദ്യോഗിക വാഹനം അല്ലെങ്കിൽ അതിനുള്ള അലവൻസ് എന്നിവയുമുണ്ടാകും. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഒരു പേഴ്സണൽ അസിസ്റ്റന്റ്, രണ്ട് പ്യൂണ്മാര് എന്നിവരുടെ സേവനവും ലഭിക്കും. കൂടാതെ എല്ലാ മുൻ രാഷ്ട്രപതിമാർക്കും ഇന്ത്യയിൽ സൗജന്യമായി വിമാനയാത്ര, ട്രെയിൻ യാത്ര എന്നിങ്ങനെ ആനുകൂല്യങ്ങളും ലഭിക്കും.
മുൻ രാഷട്രപതിയുടെ മരണം സംഭവിച്ചാൽ ഭാര്യ/ ഭർത്താവിന് പെൻഷന്റെ പകുതിക്ക് അർഹതയുണ്ട്. സൗജന്യ ചികിത്സ, താമസസൗകര്യം, ടെലിഫോൺ, ഔദ്യോഗിക വാഹനം, ഒരു പ്രൈവറ്റ് സെക്രട്ടറി, പ്യൂൺ, വർഷം 20,000 രൂപയിൽ കവിയാത്ത ഓഫീസ് ചെലവ് തുക, ഒരു അനുയായിക്കൊപ്പം വർഷം ഉയർന്ന ക്ലാസിൽ വിമാന, ട്രെയിൻ യാത്ര എന്നിവയും ലഭിക്കും.