തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ. പെൺകുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോൾ അവർ പൊലീസിന് നേരെ തിരിയുകയായിരുന്നെന്ന് സജ്ജനാർ പ്രതികരിച്ചു. പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിനു നേരെ വെടിയുതിർത്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര് അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ വെടിവച്ചു കൊന്നത്. പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സജ്ജനാർ അറിയിച്ചു. പ്രതികളുടെ കൈയിൽനിന്നു രണ്ട് തോക്കുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 3.30നാണു ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നത്. കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്നാണു പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പൊലീസ് വെടിവയ്പിൽ സമ്മിശ്ര പ്രതികരണമാണ് ജനപ്രതിനിധികളിൽനിന്നും സമൂഹത്തിൽനിന്നും ഉയരുന്നത്.