ന്യൂഡൽഹി: ബിജെപിയെ ഇനി നദ്ദ നയിക്കും. ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് പ്രസിഡന്റ് ആയിരുന്ന ജെ.പി. നദ്ദ അമിത് ഷായുടെ പിൻഗാമിയായാണ് ബിജെപിയുടെ അധ്യക്ഷനാകുന്നത്. കേന്ദ്രമന്ത്രിമാരുൾപ്പടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടന്നു. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത ഷായും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹിമാചല്‍ പ്രദേശിൽ ജനിച്ച ജഗത് പ്രകാശ് നദ്ദ എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തുടങ്ങി അവിടെനിന്നാണ് ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്ത്തകന് ആകുന്നത്. 1993 ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007 ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012 ഓടെ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി.
അമിത് ഷായുടെ പ്രവര്‍ത്തന മികവ് വച്ചാകും എല്ലാവരും നദ്ദയെയും അളക്കുക. പറഞ്ഞത് പ്രാവർത്തികമാക്കുന്ന ഷായുടെ ശൈലി നദ്ദയ്ക്ക് എത്ര കണ്ട് പ്രാവർത്തികാമാക്കാൻ സാധിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായ നദ്ദ, ആർഎസ്എസിനും താത്പ്പര്യമുള്ള നേതാവാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പാണ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും തുടരുമ്പോൾ അധ്യക്ഷ പദം എല്ക്കുന്ന കാലയളവ് ബിജെപിയെയും നദ്ദയെയും സംബന്ധിച്ച് തീർത്തും നിര്‍ണ്ണായകമാണ്.