ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'ഒറ്റ രാജ്യം, ഒറ്റ ഭാഷ' പരാമർശത്തിനെതിരെ വിമർശനവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. ഷായോ, സാമ്രാട്ടോ, സുൽത്താനോ ആരുമാകട്ടെ ഇന്ത്യ റിപ്പബ്ലിക്കായി മാറിയ സമയത്ത് സംസ്ഥാനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ലംഘിക്കരുതെന്ന് കമൽ ഹാസൻ ആവശ്യപ്പെട്ടു.
ജല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു. നമ്മുടെ ഭാഷയ്ക്കായുള്ള പോരാട്ടം അതിലും വലുതായിരിക്കും. ഇന്ത്യയോ തമിഴ്നാടോ അത്തരമൊരു യുദ്ധം ആവശ്യപ്പെടുന്നില്ല അല്ലെങ്കില്‍ അര്‍ഹിക്കുന്നില്ല. ഞങ്ങള്‍ എല്ലാ ഭാഷകളേയും ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങളുടെ മാതൃഭാഷ എല്ലായെപ്പോഴും തമിഴായിരിക്കും- കമല്‍ ഹാസന് പറഞ്ഞു.
എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ അങ്ങനെ അല്ലാതാക്കരുത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഈ മണ്ടത്തരത്തിന്റെ പേരില്‍ എല്ലാവരും സഹിക്കേണ്ടി വരും. ബംഗാളി ഭാഷയിലുള്ള ദേശീയ ഗാനം രാജ്യം ഒന്നാകെ സന്തോഷത്തോടെയാണ് പാടുന്നത്. അതങ്ങനെ തന്നെ തുടരും. ദേശീയഗാനം രചിച്ച കവി എല്ലാ ഭാഷകളെയും സംസ്കാരത്തെയും ബഹുമാനിച്ചുകൊണ്ടാണ് അതെഴുതിയത്. അതിനാൽ അത് നമ്മുടെ ദേശീയഗാനമായി - കമൽ ഹാസൻ കൂട്ടിച്ചേർത്തു.
എല്ലാ ഇന്ത്യക്കാര്‍ക്കും ഹിന്ദി ഏകീകൃത ഭാഷയായി മാറുന്നതിനെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനകള്‍ ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായ എതിർപ്പിന് കാരണമായിട്ടുണ്ട്. ഭാഷയുടെ പേരില്‍ ഒരു പുതിയ യുദ്ധഭൂമി ആരംഭിക്കുന്നതിനുള്ള സംഘപരിവറിന്റെ അടയാളങ്ങളുടെ ഭാഗമാണിതെന്നും മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുകയാണെന്നുമായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.