ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തി തുടങ്ങി. ലോക്ക്ഡൗണിന്റെ നാലാംഘട്ടം ഞായറാഴ്ച രാജ്യത്ത് അവസാനിക്കുകയാണ്. ജൂൺ ഒന്നുമുതൽ 30 വരെയാണ് ലോക്ക്ഡൗണിന്റെ അഞ്ചാംഘട്ടം. എന്നാൽ, നിരവധി ഇളവുകളാണ് ലോക്ക്ഡൗണിന്റെ അഞ്ചാംഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് കൺടയിൻമെന്റ് സോണുകൾ ഒഴിച്ചുള്ള എല്ലായിത്തും ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും. അതേസമയം, രാത്രികാല കർഫ്യൂ എല്ലായിടത്തും തുടരും. എന്നാൽ, കർഫ്യൂ സമയത്തിൽ ചില ചെറിയ വ്യത്യാസങ്ങളുണ്ട്. രാത്രി ഒമ്പതുമണി മുതൽ രാവിലെ അഞ്ചുമണി വരെ ആയിരിക്കും കർഫ്യൂ. നാലാമത്തെ ലോക്ക്ഡൗണിൽ അത് വൈകുന്നേരം ഏഴുമണി മുതൽ രാവിലെ ഏഴുമണിവരെ ആയിരുന്നു. അതേസമയം, അവശ്യസേവനവുമായി ബന്ധപ്പെട്ട് ആളുകൾക്ക് രാത്രിയിൽ യാത്ര ചെയ്യാവുന്നതാണ്.
"ആളുകളുടെയും സാധനങ്ങളുടെയും സംസ്ഥാനത്തിന് ഉള്ളിലുള്ള യാത്രകളും അന്തർസംസ്ഥാന യാത്രകൾക്കും വിലക്ക് ഉണ്ടായിരിക്കില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക അനുമതിയോ അനുവാദമോ ഇ-പെർമിറ്റോ ആവശ്യമില്ല." - ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം, സംസ്ഥാനങ്ങൾക്ക് സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.