ഹൈദരാബാദ്: യുട്യൂബ് വീഡിയോ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥിനെയാണ്(28) ഹൈദരാബാദിലെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമിത രക്തസ്രാവമാണ് മരണകാരമായത്. സംഭവവുമായി ബന്ധപ്പെട്ട് ബി ഫാം വിദ്യാര്‍ഥികളായ മസ്താന്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് വ്യക്തമായത്. വാട്ട്സാപ്പിലൂടെ മാത്രം പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെ ശ്രീനാഥ് ലോഡ്ജ് മുറിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേനായത്.
രണ്ട് വർഷം മുമ്പ് ശ്രീനാഥ് അമ്മാവന്റെ മകളെ വിവാഹം കഴിച്ചിരുന്നു. എന്നാൽ താമസിയാതെ ഈ ബന്ധം വേർപെടുത്തേണ്ടിവന്നു. ഇതിനുശേഷമാണ് സ്ത്രീയായി മാറുന്നതിനുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ശ്രമീനാഥ് തീരുമാനിച്ചത്. ഇതിനായി ഹൈദരാബാദിൽ ചെറിയ ജോലിയും സംഘടിപ്പിച്ചു. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു ശ്രീനാഥിന്റെ ലക്ഷ്യം. ഇതിനായി പണം സമ്പാദിക്കാനാണ് ഹൈദാരാബാദിലെ ജോലിയിൽ ചേർന്നത്.
എന്നാൽ അതിനിടെയാണ് ബിഫാം വിദ്യാർഥികളായ ജീവയെയും മസ്താനെയും പരിചയപ്പെട്ടു. വൈകാതെ ഇവർ ഉറ്റ സുഹൃത്തുക്കളായി മാറി. അങ്ങനെയാണ് മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനിരിക്കുന്ന വിവരം ശ്രീനാഥ് പങ്കുവെച്ചത്. ഇതുകേട്ടപ്പോൾ ചുരുങ്ങിയ ചെലവഴിൽ ശസ്ത്രക്രിയ തങ്ങൾ ചെയ്തു തരാമെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ മൂന്നുപേരും ചേർന്ന് ലോഡ്ജിൽ മുറിയെടുത്തു. യൂട്യൂബ് വീഡിയോ നോക്കിയാണ് ശസ്ത്രക്രിയ തുടങ്ങിയത്. ഇതിനുള്ള ഉപകരണങ്ങൾ ഹൈദരാബാദിലെ ഒരു കടയിൽ നിന്ന് വാങ്ങുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയ തുടങ്ങിയതോടെ, അമിതരക്തസ്രാവം ഉണ്ടാകുകയും ശ്രീനാഥ് മരണപ്പെടുകയുമായിരുന്നു. സംഭവത്തിന് ശേഷം ജീവയും മസ്താനും അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.
വൈകുന്നേരം ആയിട്ടും മുറിയിൽ ആളനക്കം ഇല്ലാതായതോടെ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതേദഹം. മുറിയിലും രക്തം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. ശ്രീനാഥിന്റെ ഫോൺ പരിശോധിച്ചതിൽനിന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വ്യക്തത ലഭിച്ചത്. തുടർന്നാണ് ജീവയെയും മസ്താനെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് മരണമെന്ന് വ്യക്തമായത്.