ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് ആറാം തവണയും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുതവണയും ആസമിൽനിന്ന് രാജ്യസഭയിലെത്തിയ മൻമോഹൻ സിങ് ഇത്തവണ രാജസ്ഥാനിൽനിന്നാണ് പാർലമെന്റിൽ എത്തുന്നത്. രാജസ്ഥാനിൽനിന്നുള്ള ഏക കോൺഗ്രസ് അംഗമാണ് മൻമോഹൻ. രാജസ്ഥാനിൽനിന്നുള്ള ശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ബിജെപി പ്രതിനിധികളാണ്. കൂടാതെ രാജസ്ഥാനിലെ 24 ലോക്സഭാ അംഗങ്ങളും ബിജെപിക്കാരാണ്.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ മദൻലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാനിൽന്നുള്ള രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നത്. ആസമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന മൻമോഹന്റെ കാലാവധി ഇക്കഴിഞ്ഞ ജൂണിൽ അവസാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൻമോഹന് സീറ്റ് വാഗ്ദാനം ചെയ്തു രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.