അടിവസ്ത്ര പരസ്യ മേഖലയിൽ നില നിൽക്കുന്ന പ്രായ വിവേചനത്തെ ചോദ്യം ചെയ്ത് മുംബൈ സ്വദേശിനി. ഗീത എന്ന 52 കാരിയാണ് പല കമ്പനികളുടെയും പ്രായ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പരസ്യങ്ങളിൽ കുറച്ചു കൂടി പ്രായമായ സ്ത്രീകളെയും ഉൾപ്പെടുത്താൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ അടക്കം തയ്യാറാകണമെന്നാണ് അടിവസ്ത്ര മോഡൽ കൂടിയായ ഗീതയുടെ ആവശ്യം. (Image courtesy: Reuters)
ഒരു പ്രത്യേക പ്രായപരിധി കഴിഞ്ഞാൽ അടിവസ്ത്ര മോഡൽ ആകാൻ സ്ത്രീകൾ യോഗ്യരല്ലേ? എന്നാണ് ഗീത ചോദിക്കുന്നത്. മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓൺലൈൻ പരാതി പ്ലാറ്റ്ഫോമായ Change.orgയിൽ ഗീത ആരംഭിച്ച ഓൺലൈൻ അപേക്ഷയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. '#AgenotCage','#LingerieHasNoAge'എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ഗീതയുടെ പരാതി. (Image courtesy: Reuters)
പ്രായമായ സ്ത്രീകൾക്കുള്ള സൗന്ദര്യമത്സരത്തിൽ റണ്ണര്‍ അപ്പ് ആയി വിജയിച്ച ശേഷമാണ് ഗീത മോഡലിംഗ് കരിയർ ആരംഭിച്ചത്. അന്‍പതാം വയസിലുള്ള ഈ കരിയർ മാറ്റത്തിന് ഗീതയുടെ കുടുംബവും സുഹൃത്തുക്കളും പൂർണ്ണ പിന്തുണയും നൽകിയിരുന്നു. ഏങ്കിലും തന്റെ പ്രായത്തിലുള്ള പല ഇന്ത്യൻ സ്ത്രീകൾക്കും ഇത് എത്ര ബുദ്ധിമുട്ടാണെന്നുള്ള കാര്യം വ്യക്തമായി അറിയാമെന്നും ഗീത പറയുന്നു. (Image courtesy: Reuters)
'ഭർത്താക്കന്മാരുടെയും പ്രിയപ്പെട്ടവരുടെയും സ്വപ്നങ്ങളെ പരിപാലിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യണമെന്നാണ് എല്ലാ സ്ത്രീകളോടും പറയാൻ ആഗ്രഹിക്കുന്നത്. അപ്പോഴും സ്വന്തം ജീവിതവും ആഗ്രഹങ്ങളും പ്രധാനമല്ലെന്ന് ഒരിക്കലും ചിന്തിക്കരുത്' ഗീതയുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. (Image courtesy: Reuters)