മുംബൈ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ദിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാർഥ വിവരങ്ങൾ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു മുഖ്യ ആരോപണം. ഇതിന് പുറമെ ദിഷ ബലാത്സംഗം ചെയ്യപ്പെട്ടതാണെന്നും മൃതദേഹം കണ്ടെടുത്തത് നഗ്നമായ നിലയിലായിരുന്നുവെന്നും റിപ്പോര്ട്ടുകളെത്തി.
ആ സാഹചര്യത്തിലാണ് മുംബൈ പൊലീസ് ഇപ്പോൾ വിശദീകരണവുമായെത്തിയത്. നഗ്നമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന വാദം പൊലീസ് നിഷേധിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നുവെന്നും ദിഷയുടെ മാതാപിതാക്കളും അപ്പോഴേക്കും അവിടെയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് ഔദ്യോഗികപ്രസ്താവനയിലൂടെ അറിയിച്ചത്.
മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യർഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം കാണിച്ച് തന്നിട്ടുണ്ട്. എന്റെ മകൾ ഗർഭിണിയായിരുന്നില്ല, അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയിൽ തന്നെയായിരുന്നു. -ദിഷയുടെ പിതാവ് സതീഷ് സാലിയന്റെ വാക്കുകൾ
ദിഷയും പ്രതിശ്രുത വരന് റോഹൻ റോയിയും ലോക്ക്ഡൗണിനു ശേഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. ജോലി സംബന്ധമായ ചില സമ്മർദങ്ങൾ ദിഷയ്ക്ക് ഉണ്ടായിരുന്നതായും കുടുംബം വ്യക്തമാക്കി. ദിഷയുടെ മാനസിക സമ്മർദം അവളെ ആത്മഹത്യയിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് സുശാന്തിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്തത്. ജൂൺ ഒമ്പതിന് ഫ്ലാറ്റിലെ 14ാമത്തെ നിലയിൽ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു.