ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. എയര്‍പോര്‍ട്ടുകളോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷനിലെ കെട്ടിടങ്ങള്‍ നവീകരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ ലഭിക്കുന്നതിന് സമാനമായ സേവനങ്ങളെല്ലാം ഈ റെയില്‍വേ സ്റ്റേഷനില്യാത്രികര്ക്ക് ലഭിക്കും. റെയില്‍വേ സ്റ്റേഷനോടൊപ്പം അതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്റെയും അഹമ്മദാബാദ് സയന്‍സ് സിറ്റിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഇത് ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റെയില്‍വേ സ്റ്റേഷന്റെ ഭാഗമായി 318 മുറികളോട് കൂടി ഒരു പഞ്ചനക്ഷത്ര ഹോട്ടലും പ്രവര്‍ത്തിക്കും. ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്റെയും പഞ്ചനക്ഷത്ര ഹോട്ടലിന്റെയും എതിര്‍വശത്ത് മഹാത്മ മന്ദിര്‍ കണ്വെന്ഷന് സെന്റര്‍, ഗുജറാത്ത് നിയമസഭാ മന്ദിരം, ദണ്ഡി കോട്ടേജ് എന്നിവയും കാണാം.
നവീകരിക്കപ്പെട്ട ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടല്‍ കൂടാതെ വിശാലമായ ഒരു സാമ്പത്തിക മേഖല കൂടിയാണ് ഒരുങ്ങുന്നത്. റെയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് 7,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അനുബന്ധ സാമ്പത്തിക മേഖല ഒരുക്കിയിട്ടുള്ളത്. ഈ പ്രദേശത്ത് ഭാവിയില്‍ ഒരു മള്‍ട്ടിപ്ലക്സ് ഫുഡ് കോര്‍ട്ട് കൂടി വികസിപ്പിക്കാനാണ് പദ്ധതി.
പുതിയ റെയില്‍വേ സ്റ്റേഷനില്‍ എയര്‍പോര്‍ട്ടിന് സമാനമായ സൗകര്യങ്ങളാണ് യാത്രികര്‍ക്ക് ലഭിക്കുക. രണ്ട് എസ്കലേറ്ററുകളും മൂന്ന് ലിഫ്റ്റുകളും റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്ലാറ്റ്ഫോമുകള് തമ്മില്‍ ബന്ധിപ്പിക്കാനായി ഭൂഗര്‍ഭ സബ്വേകളും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൗഹാര്‍ദ്ദപരമായ രീതിയിലാണ് റെയില്‍വേ സ്റ്റേഷന് നിര്‍മിച്ചിട്ടുള്ളത്. അവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേക വഴികള്‍, പ്രേത്യേക ടിക്കറ്റ് കൗണ്ടറുകള്‍, പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയും റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
2017 ജനുവരിയില്‍ പ്രധാനമന്ത്രി മോദി തന്നെയാണ് പദ്ധതിക്ക് തറക്കില്ലിട്ടത്. റെയില്‍വേ സ്റ്റേഷന് നവീകരണത്തിന് ആകെ 254 കോടി രൂപ ചെലവായി. ഡല്‍ഹി ആനന്ദ് വിഹാര്‍, ചണ്ഡിഗഡ് എന്നീ റെയില്‍വേ സ്റ്റേഷനുകളും സമാനമായ രീതിയില്‍ നവീകരിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന് മുകളില്‍ സ്ഥാപിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് 790 കോടി രൂപയാണ് നിര്‍മാണ ചെലവ്. പ്രധാനമായും റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള മഹാത്മാ മന്ദിര്‍ കണ്വെന്ഷന് സെന്ററില്‍ സമ്മേളനങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമായി എത്തുന്നവരെ ലക്ഷ്യം വച്ചാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പാണ് ഹോട്ടലിന്റെ ഉടമ.