എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാൻസിൽനിന്ന് ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയത്. അംബാലയിലെ എയർബേസിലാണ് ഇപ്പോൾ റാഫേൽ വിമാനങ്ങളുള്ളത്. എന്നാൽ അടുത്ത ദിവസങ്ങളിലായി പരീക്ഷണ പറക്കൽ നടത്തുമ്പോൾ റാഫേൽ കനത്ത ഭീഷണി നേരിടുകയാണ്. ഭീഷണി ചൈനയിൽനിന്നോ പാകിസ്ഥാനിൽനിന്നോ അല്ല, അംബാല എയർബേസിന് സമീപത്തുള്ള വീടുകളിൽ വളർത്തുന്ന പക്ഷികളാണ് ഇവിടെ വില്ലനാകുന്നത്. കഴിഞ്ഞ വർഷം ഈ പക്ഷികളിലൊന്ന് ഐഎഎഫ് ജാഗ്വാർ യുദ്ധവിമാനത്തിൽ ഇടിച്ച് അതിന്റെ ഇന്ധന ടാങ്കുകൾ തകർത്തിരുന്നു. ഈ സാഹചര്യത്തിലാണ് റാഫേലിനും പക്ഷികൾ ഭീഷണിയാകുമെന്ന ആശങ്ക ഉയർന്നത്.
ഈ സംഭവം നടന്ന് ഒരു വർഷത്തിനുശേഷം, വ്യോമസേന വീണ്ടും അധികാരികളെ സമീപിച്ചു, ഇത്തവണ വ്യോമകേന്ദ്രത്തിന് സമീപം മാലിന്യങ്ങൾ കിടക്കുന്നതാണ് പ്രശ്നം. മാലിന്യ കൂമ്പാരത്തിനടുത്തേക്ക് എയർബേസിനു മുകളിലൂടെ പക്ഷികൾ നിരന്തരം പറന്നുവരുന്നതാണ് റാഫേൽ ഉൾപ്പടെയുള്ള വിമാനങ്ങൾക്ക് ഭീഷണിയാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറൽ ഇൻസ്പെക്ഷൻ ആൻഡ് സേഫ്റ്റിയിൽ നിർദേശിച്ചതിൽനിന്ന് വിഭിന്നമായ സാഹചര്യമാണ് അവിടെയുള്ളത്.
റാഫേൽ നിലയുറപ്പിച്ച വ്യോമസേനാ സ്റ്റേഷന് സമീപം മാലിന്യ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജി ഐ ആന്റ് എസ് എയർ മാർഷൽ മാനവേന്ദ്ര സിംഗ് ഹരിയാന ചീഫ് സെക്രട്ടറി കേശ്നി ആനന്ദ് അറോറയ്ക്ക് കത്തെഴുതി. “ജൂലൈ 29 ന് അംബാലയിൽ എത്തിച്ച റാഫേൽ വിമാനത്തിന്റെ സുരക്ഷയാണ് വ്യോമസേനയുടെ പ്രധാന ലക്ഷ്യം” എന്ന് കത്തിൽ പറയുന്നു.
പ്രാവുകളുടെ പ്രശ്നത്തെക്കുറിച്ച് കഴിഞ്ഞ വർഷം വ്യോമസേന പ്രാദേശിക മുനിസിപ്പൽ അധികൃതർക്ക് ഒരു കത്ത് എഴുതിയിരുന്നു. എയർഫീൽഡിനോട് ചേർന്നുള്ള വീടുകളിൽ ഏതാനും നാട്ടുകാർ പ്രാവുകളെ വളർത്തുന്നുണ്ടെന്ന് വ്യോമസേന ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ വലിയ ശബ്ദത്തെ ഭയപ്പെടാതെ തന്നെ പ്രാവുകൾ പുറത്തേക്കു പറന്നുവരുനതായും അത് നിയന്ത്രിക്കണമെന്നമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.