Road Accidents | അപകട മരണനിരക്ക് കൂടാൻ കാരണം അമിതവേഗം; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
അപകടവുമായി ബന്ധപ്പെട്ട് മരിച്ചവരിൽ 54 ശതമാനവും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ആണ്.
News18 Malayalam | November 5, 2020, 3:26 PM IST
1/ 6
രാജ്യത്ത് റോഡപകടങ്ങളിൽ മരണനിരക്ക് കൂടാൻ കാരണം അമിത വേഗതയും റോഡുകളുടെ തകരാറുമെന്ന് റിപ്പോർട്ട്. 2019ലെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ വാർഷിക റോഡ് അപകട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിന്റെ ഗതാഗത ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ, 2019 ൽ ഇന്ത്യയിൽ 4,49,002 റോഡ് അപകടങ്ങളിൽ 1,51,113 പേർ കൊല്ലപ്പെടുകയും 4,51,361 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറയുന്നു. രാജ്യത്ത് പ്രതിദിനം 1,230 റോഡ് അപകടങ്ങളും 414 മരണങ്ങളും സംഭവിച്ചു. ഓരോ മണിക്കൂറിലും 51 അപകടങ്ങളും 17 മരണങ്ങളുമാണ് സംഭവിച്ചത്.
2/ 6
അപകടത്തിന്റെയും അതിനെത്തുടർന്ന് മരണനിരക്ക് കൂടാനും കാരണം അമിതവേഗതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതരം കാരണങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാന കാരണം അമിത വേഗതയാണ്. 67.3 ശതമാനം അപകടങ്ങളും അമിതവേഗത കാരണമാണ് ഉണ്ടായിട്ടുള്ളത്. അമിത വേഗത കാരണമാണ് 1,01,699 മരണങ്ങൾ സംഭവിച്ചത്.
3/ 6
സാധുവായ ലൈസൻസില്ലാതെ അല്ലെങ്കിൽ ലേണേഴ്സ് ലൈസൻസില്ലാതെയുള്ള ഡ്രൈവിംഗ് മൊത്തം അപകടങ്ങളുടെ 15 ശതമാനം വരും. റോഡിൽ കുഴികൾ മൂലമുണ്ടായ അപകടം 6.2 ശതമാനം വരെ മരണനിരക്ക് ഉയർത്തി. 2019ൽ 2,140 മരണങ്ങളാണ് ഇങ്ങനെ സംഭവിച്ചത്. 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് അപകടവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 41 ശതമാനത്തിനും കാരണമായത്. ഇതേ കാരണം കൊണ്ട് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം യഥാക്രമം 32.9 ശതമാനവും 67.1 ശതമാനവുമാണ്.
4/ 6
റോഡ് അപകടത്തിൽ കൊല്ലപ്പെട്ട കാൽനടയാത്രക്കാരുടെ എണ്ണം 2018 ൽ 22,656 ആയിരുന്നത് 2019 ൽ 25,858 ആയി ഉയർന്നു. അതായത് ഏകദേശം 14.13 ശതമാനം വർധനയുണ്ടായി. അപകടവുമായി ബന്ധപ്പെട്ട് മരിച്ചവരിൽ 54 ശതമാനവും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ആണ്.
5/ 6
അമിതഭാരമുള്ള വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിൽ 10 ശതമാനം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 69,621 (15.5 ശതമാനം) കേസുകൾ 'ഹിറ്റ് ആൻഡ് റൺ' ആയി രജിസ്റ്റർ ചെയ്യപ്പെട്ടു, ഇത് 29,354 മരണങ്ങൾക്കും (19.4 ശതമാനം) 61,751 പേർക്ക് പരിക്കേൽക്കുന്നതിനും (13.7 ശതമാനം) കാരണമായി. 2018 നെ അപേക്ഷിച്ച് ഹിറ്റ് ആൻഡ് റൺ അപകടങ്ങൾ 1.5 ശതമാനവും ഇതുമൂലമുള്ള മരണങ്ങൾ 0.5 ശതമാനവും വർദ്ധിച്ചു.
6/ 6
2019 ൽ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം റോഡപകട മരണങ്ങളിൽ കുറവുണ്ടായതായി ഗതാഗത മന്ത്രാലയം അറിയിച്ചു. റോഡപകട മരണനിരക്കുകളിൽ വളരെ മുന്നിലാണ് ഇന്ത്യ. രാജ്യത്ത് 1.5 ലക്ഷവും, അമേരിക്കയിൽ നാൽപ്പതിനായിരവും ചൈനയിൽ അറുപതിനായിരവും റഷ്യയിൽ ഇരുപതിനായിരവുമാണ് റോഡപകടങ്ങളിലെ മരണനിരക്ക്.