തീവ്രവാദ ഗ്രൂപ്പുകൾ ആധാർ (Aadhar) ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടിനു പിന്നാലെ ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് (Jammu and Kashmir Police). ശ്രീനഗറിൽ (Srinagar) അടുത്തിടെ കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും വ്യാജ ആധാർ കാർഡ് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. ആധാർ നമ്പറുകൾ യഥാർത്ഥമാണെന്നും എന്നാൽ കാർഡുകളിലെ പാസ്പോർട്ട് സൈസ് ഫോട്ടോ വ്യാജമാണെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ആധാർ കാർഡിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ ജമ്മു കശ്മീർ പൊലീസ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യോട് ആവശ്യപ്പെടും. തീവ്രവാദികൾ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് പോലീസ് സേനയും മുൻകൈയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്തിടെ, ശ്രീനഗറിലെ ദാൽ തടാകത്തോട് ചേർന്നുള്ള ബിഷാംബർ നഗർ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരർ ആധാർ കാർഡ് ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയത്. ഈ മാസം ആദ്യം സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഈ രണ്ട് ഭീകരർക്കും പങ്കുണ്ട്. മുഹമ്മദ് ഭായ് എന്ന അബു ഖാസിം 2019 മുതൽ അബു അർസലാൻ എന്ന ഖാലിദ് 2021 മുതലും സജീവമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ജമ്മു വിലാസങ്ങളുള്ള രണ്ട് ആധാർ കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
2019ൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ലംബു എന്ന മുഹമ്മദ് ഇസ്മൈൽ അൽവിയെക്കുറിച്ചും പോലീസ് പരിശോധിക്കും. ലംബു കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് വ്യാജ ആധാർ കാർഡ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തീവ്രവാദ ഗ്രൂപ്പുകളുടെ വിവിധ ഒളിത്താവളങ്ങളിൽ നിന്ന് നിരവധി വ്യാജ ആധാർ കാർഡുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.