ബെംഗളൂരു: ഭരണത്തിലെത്തി കേവലം പതിനാലുമാസത്തിനു ശേഷമാണ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിക്കുന്നത്. 2018 മെയ് മാസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നത് മുതൽ കര്‍ണാടക സാക്ഷ്യം വഹിച്ചത് വിചിത്രമായ അധികാരപ്പോരിന് കൂടിയാണ്... കോടികളുടെ പണത്തൂക്കത്തില്‍ എം.എല്‍.എമാര്‍ ചാഞ്ചാടുന്ന കര്‍ണാടകയില്‍ ഇനിയെങ്കിലും സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാകുമോയെന്ന് കാത്തിരുന്നു കാണണം.
2018 മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റും, കോണ്‍ഗ്രസ് 78 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കിയെങ്കിലും ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത് ബിജെപിയെ. കോണ്‍ഗ്രസ് കോടതിയെ സമീപിച്ചതോടെ നാടകീയ സംഭവങ്ങള്‍. അര്‍ദ്ധരാത്രിയിലെ വാദം കേള്‍ക്കലിനുശേഷം ബി എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. മെയ് 17-ന് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. പിന്നെ കണ്ടത് രാജ്യം ഇതുവരെ കാണാത്ത കുതിരക്കച്ചവട നീക്കങ്ങള്‍. എം.എല്‍.എമാരെ വിട്ടുകൊടുക്കാതെ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെനഞ്ഞ തന്ത്രങ്ങള്‍ ഫലം കണ്ടു. മെയ് 19-ന് വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് യെദിയൂരപ്പയുടെ രാജിപ്രഖ്യാപനം.
2018 മേയ് 23 ന് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. എന്നാല്‍ വെല്ലുവിളികള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ... ഒക്ടോബര്‍ 11 ന് ബി.എസ്.പി മന്ത്രി എന്‍ മഹേഷ് രാജിവച്ചു. 2019 ജനുവരിയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ വിമര്‍ശനം പരിധിവിടുന്നതായി ആരോപിച്ച് ജനുവരി 28 - ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി ഭീഷണി. തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നപരിഹാരം. മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28-ല്‍ 25 സീറ്റും നേടിയതോടെ സംസ്ഥാനഭരണം പിടിക്കാനുള്ള നീക്കം ബി.ജെ.പി വീണ്ടും ശക്തമാക്കി.
ജൂണ്‍ 30 ന് കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ആനന്ദ് സിങ് എന്നിവര്‍ രാജിവച്ചപ്പോള്‍ അതൊരു തുടക്കമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഇന്നത്തെ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. അവരിലേറെയും മുംംബൈയിലെ റിസോർട്ടിൽ തന്നെ തുടരുകയാണ്. സുപ്രീംകോടതിയുടെയും ഗവര്ണറുടെയുമൊക്കെ ഇടപെടലിനിടയിലും നിയമസഭയില്‍ നടപടികള്‍ പരമാവധി വൈകിപ്പിച്ച സ്പീക്കര്‍ കെ.ആര് രമേഷ് കുമാറും ഒടുവില്‍ മുട്ടുമടക്കിയതോടെ കുമാരസ്വാമിസര്‍ക്കാര്‍ പതനത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കം പകര്‍ന്നുകൊണ്ട്.