ന്യൂഡൽഹി: ഗോഡ്സെ സ്തുതിയിൽ ബിജെപി അംഗം പ്രഗ്യ സിംഗ് ഠാക്കൂർ ലോക്സഭയിൽ മാപ്പു പറഞ്ഞു. ലോക്സഭയിലെ ചർച്ചയ്ക്കിടെ ഗോഡ്സെയുടെ പേര് പറഞ്ഞിരുന്നില്ലെന്നും, പക്ഷേ തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് പറയുന്നതായും അവർ വ്യക്തമാക്കി. സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രഗ്യ സിങ് ഠാക്കൂർ ലോക്സഭയിൽ മാപ്പ് പറഞ്ഞത്. നേരത്തെ ഖേദപ്രകടനം നടത്താമെന്ന ആവശ്യം സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷം തള്ളിയിരുന്നു. തുടർന്നാണ് ഖേദപ്രകടനം പോരെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് പ്രഗ്യ സിങ് മാപ്പ് പറഞ്ഞത്. അതേസമയം തീവ്രവാദി എന്ന് വിളിച്ചതിനെതിരെ രാഹുൽ ഗാന്ധിക്കെതിരെ പ്രഗ്യ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
ലോക്സഭയിൽ പ്രഗ്യ സിങ് ഠാക്കൂർ, നാഥുറാം ഗോഡ്സെ അനുകൂല പരാമർശം നടത്തിയതാണ് വിവാദമായത്. സംഭവത്തിൽ ഇന്ന് രാവിലെ പ്രഗ്യ സിങ് ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇതോടെയാണ് സ്പീക്കർ സർവ്വകക്ഷിയോഗം വിളിച്ചത്.