മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തെങ്കിലും ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതോടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സമാന സാഹചര്യമാണ് ജാർഖണ്ഡിലും ഉടലെടുക്കാൻ പോകുന്നതെന്നാണ് സൂചന. ഇതോടെ സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവർണർ ദ്രൗപതി മുർമുവാണ്.
ഒരു ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെട്ട മുർമു, ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സന്താൽ ഗോത്ര കുടുംബത്തിൽപ്പെട്ടയാണ്. 1997 ൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് അവർ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഒഡീഷ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നവീൻ പട്നായിക് സർക്കാരിന്റെ കാലത്ത് 2000 മുതൽ 2004 വരെ ഗതാഗത, വാണിജ്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.