ന്യൂഡൽഹി: പുതിയ എയർ ഇന്ത്യ വണ്‍ ബോയിങ് വിമാനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കന്നിയാത്ര. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി ചെന്നൈയിലേക്കാണ് വിവിഐപികൾക്ക് യാത്ര ചെയ്യാൻ വേണ്ടി ഇന്ത്യ വാങ്ങിയ അത്യാധുനിക വിമാനത്തിൽ രാഷ്ട്രപതിയുടെ യാത്ര. ഭാര്യ സവിത കോവിന്ദിനൊപ്പം യാത്ര തിരിച്ച രാഷ്ട്രപതി റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തിൽ എത്തി.
എയർ ഇന്ത്യ വണ്‍- ബി777 വിമാനത്തിന്റെ കന്നിയാത്രയിൽ രാഷ്ട്രപതി ചെന്നൈയിലേക്ക് യാത്ര തിരിച്ചു. തിരുപ്പതി ക്ഷേത്ര ദർശനത്തിനായാണ് യാത്ര- രാഷ്ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. അത്യാധുനിക വിമാനം പ്രവർത്തിപ്പിക്കുന്നതിനും രാജ്യത്തിനകത്ത് വിവിഐപി യാത്രകൾ സുഗമമാക്കുന്നതിനും വിദേശ സന്ദർശനങ്ങൾ നടത്തുന്നതിനുമായി സജ്ജമാക്കിയ എയർ ഇന്ത്യ വണ്ണിലെ പൈലറ്റുമാർ, ക്രൂ അംഗങ്ങൾ, എയർ ഇന്ത്യ, ഇന്ത്യൻ എയർഫോഴ്സ് എന്നിവരുടെ മുഴുവൻ ടീമിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.
എയർ ഇന്ത്യ വൺ - ബി 777 വിമാനത്തിന്റെ ആദ്യ യാത്രയാണിത്. വിമാനം ഇന്ധനക്ഷമതയുള്ളതും സമാന വിവിഐപി പ്രവർത്തനങ്ങൾക്കായുള്ള B747-400 വിമാനങ്ങളെക്കാൾ കൂടുതൽ ദൂരം യാത്രചെയ്യാൻ ശേഷിയുള്ളവയുമാണ്. ശബ്ദ നിലവാരം കുറയ്ക്കുന്നതിനായി അത്യാധുനിക ഇന്റീരിയർ സംവിധാനവും വിമാനത്തിലുണ്ട്. - രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അജയ് കുമാർ സിംഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി അടുത്തിടെയാണ് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്സ് വണ്ണിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ബോയിങ് കമ്പനി എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ പരിപാലനച്ചുമതല എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസിനാണ്.
അമേരിക്കയുടെ സഹകരണത്തോടെയാണ് എയര്‍ ഇന്ത്യ വണ്ണിന്റെ ആധുനികവത്കരണം. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ് എന്നീ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1350 കോടി രൂപ (19 കോടി ഡോളര്‍)ആണ് വില. എയര്‍ഫോഴ്സ് വണ്ണിലേതുപോലെ മിസൈല്‍ പ്രതിരോധ സംവിധാനവുമുണ്ട്. ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.