ദേശീയ തലസ്ഥാന മേഖലയിലെ (National Capital Region) ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന ജേവാർ വിമാനത്താവളത്തിന്റെ (Jewar Airport) ശിലാസ്ഥാപനം ഇന്ന് ( നവംബർ 25 ന് ) പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) നിർവഹിക്കും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ പുതിയ വിമാനത്താവളത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബർ 25 വ്യാഴാഴ്ച നടക്കുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കുചേരും.
ഈസ്റ്റ് ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗ്രെയ്റ്റർ നോയിഡ, മീററ്റ്, പശ്ചിമ ഉത്തർപ്രദേശിലെ മറ്റു ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്ര കൂടുതൽ എളുപ്പമാക്കി മാറ്റാൻ ജേവാർ വിമാനത്താവളം സഹായിക്കും. ഓരോ വർഷവും ഒരു കോടിയിൽപ്പരം യാത്രികരെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ വിമാനത്താവളം ആഗ്രയിലേക്കും മഥുരയിലേക്കുമുള്ള ടൂറിസത്തെയും ഉത്തേജിപ്പിക്കും.
"ഹരിയാനയിലെ ബല്ലാഭ്ഘട്ടിന് സമീപമുള്ള ഡൽഹി - മുംബൈ എക്സ്പ്രസ്വേയുമായി വിമാനത്താവളം ബന്ധിപ്പിക്കും. നിലവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏറെ ദൂരെ കഴിയുന്ന ഹരിയാനയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ വ്യോമയാത്ര നടത്താൻ ജേവാർ വിമാനത്താവളം സഹായിക്കും. പശ്ചിമ ഉത്തർ പ്രദേശിൽ മാത്രമല്ല, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഇത് ഉപകാരപ്പെടും", ജേവാർ എംഎൽഎ ധിരേന്ദ്ര സിങ് പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയ്ക്കും ജയ്പ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽകഴിയുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ യാത്ര എളുപ്പമാകും. "വിമാനത്താവളം നിർമിക്കുന്ന സ്ഥലം നിലവിൽ പ്രധാനപ്പെട്ട രണ്ട് എക്സ്പ്രസ്വേകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈസ്റ്റേൺ പെരിഫറൽ, യമുന എക്സ്പ്രസ്വേകളാണ് അവ. ഈ എക്സ്പ്രസ് വേകളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക് വിമാനയാത്ര എളുപ്പമാകും", യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി സിഇഓ അരുൺ വീർ സിങ് പറഞ്ഞു.
യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (വൈഐഎപിഎൽ) ആണ് ജേവാർ വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഏതാണ്ട് 1,300 ഹെക്റ്റർ ഭൂമിയിലാണ് വിമാനത്താവളം നിർമിക്കുക. നാല് ഘട്ടങ്ങളായാണ് നിർമാണം പൂർത്തിയാവുക. ആദ്യ ഘട്ടം 2024 ഓടെ പ്രവർത്തനക്ഷമമാകും. ആദ്യ ഘട്ടത്തിന്റെ നിർമാണ ചെലവ് 8,916 കോടി രൂപയാണ്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും നോയിഡയിൽ നിന്ന് 40 കിലോമീറ്ററും ദൂരത്തിലാണ് ജേവാർ വിമാനത്താവളം നിർമിക്കുന്നത്. 2017 വരെ ഉത്തർപ്രദേശിൽ രണ്ടു വിമാനത്താവളങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോൾ കേന്ദ്രത്തിന്റെ പ്രാദേശിക കണക്റ്റിവിറ്റി സ്കീമിനെത്തുടർന്ന് സംസ്ഥാനത്ത് 9 വിമാനത്താവളങ്ങൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.