തിരുവനന്തപുരം: തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം രാഹുലിന്റെ യാത്ര തടഞ്ഞതെന്നാണ് വിവരം.
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് കടലില്‍ പോകാനൊരുങ്ങിയപ്പോഴാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കി. കഴിഞ്ഞദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയിരുന്നു. അദ്ദേഹം മത്സ്യബന്ധനത്തില്‍ പങ്കെടുക്കുകയും കടലില്‍ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായ കൊല്ലത്തെ കടലില്‍ ചാട്ടവും മീന്‍ പിടിക്കലും ചൂണ്ടിക്കാട്ടിയാണ് വയനാട് എം പിയെ മുഖ്യമന്ത്രി പരിഹസിച്ചത്. നല്ല ടൂറിസ്റ്റാണ് രാഹുല്‍ ഗാന്ധി. ലോകത്തിലെ പലയിടങ്ങളിലും ശാന്തമായ കടലില്‍ പോയി ടൂറിസ്റ്റുകള്‍ ചാടാറുണ്ട്. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിച്ചിരുന്ന കടല്‍ അല്ല. രാഹുല്‍ ഗാന്ധിയുടെ ചാട്ടം ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടായി. - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കടല്‍ അത്രയ്ക്ക് ശാന്തമാണെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയാണല്ലോ. ഈ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും സ്ഥലത്ത് പോകുന്നുണ്ടോ? ഏതെങ്കിലും സംസ്ഥാനത്തില്‍ പോകുന്നുണ്ടോ. ഗോവയില്‍ രാഹുല്‍ ഗാന്ധി എന്ത് റോളാണ് വഹിച്ചത്. മണിപ്പൂര്‍, ബിഹാര്‍, കര്‍ണാടകം, മധ്യപ്രദേശ് ഏറ്റമൊടുവില്‍ പുതുച്ചേരി. പുതുച്ചേരി നമ്മുടെ കേരളത്തില്‍ നിന്നാണല്ലോ തുടങ്ങുന്നത്. മാഹിയില്‍ നിന്ന് തുടങ്ങുവല്ലേ? എന്തേ ഇവിടങ്ങളിലൊന്നും അദ്ദേഹത്തിന്റെ ഒരു സ്വരവും കേള്‍ക്കാത്തത്. അതിനെതിരെ ഒന്നും പറയുന്നതായി കാണുന്നില്ലല്ലോ. എന്തുകൊണ്ടാണ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത രാഹുല്‍ ഗാന്ധിയെന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനുണ്ടാകുന്നത്. - പിണറായി വിജയൻ വിമർശിച്ചു.
രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ്. ആ നിലയില്‍ അദ്ദേഹം ലോകത്തിന്റെ പല ഭാഗങ്ങളിലും പോകാറുണ്ട്. ചില കടലുകള്‍ വളരെ ശാന്തമാണ്. നമ്മുടെ ശംഖുമുഖത്തുള്ള കടലുപോലെയല്ല മറ്റുള്ളയിടത്തെ കടല്‍. അത് തീര്‍ത്തും ശാന്തമായി കിടക്കുന്നതാണ്. അപ്പോ അവിടങ്ങളില്‍ ടൂറിസ്റ്റുകള്‍ പല വാഹനങ്ങളില്‍ പോയി ചാടി നീന്താറുണ്ട്. ചിലപ്പോള്‍ ഇദ്ദേഹവും ആ തരത്തില്‍ നല്ല പോലെ കടലില്‍ നീന്തി ശീലിച്ച ആളായിരിക്കാം. ഏതായാലും ഒരു ഗുണം കിട്ടി. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ ഉപയോഗിക്കുന്ന കടല്‍ അല്ല. പക്ഷെ, രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് കടലില്‍ ചാടിയെന്ന് കേട്ടപ്പോള്‍ നമ്മുടെ കടകംപള്ളി സുരേന്ദ്രന്റെ ടൂറിസം വകുപ്പിന് നല്ല മുതല്‍ക്കൂട്ടായി. കടല്‍ ഇങ്ങനെയാണ്, ശാന്തമായ കടലാണ് എന്ന ഒരു ധാരണ പരക്കാന്‍ ഇടയായി. - മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് ഇപ്പോള്‍. ഒറ്റകൈയിൽ പുഷ് അപ്പ് എടുക്കുന്നതും സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതും പനനൊങ്ക് കഴിക്കുന്നതുമായ രാഹുലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കന്യാകുമാരി ജില്ലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചുവടുകള്‍ വെച്ചത്.
നാഗര്‍കോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയരികില്‍ നിന്ന് പനനൊങ്ക് കഴിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ചന്‍കുളത്തുവെച്ചാണ് രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം വഴിയരികിലെ കച്ചവടക്കാരനില്‍നിന്ന് പനനൊങ്ക് കഴിച്ചത്. ഇത് കഴിക്കേണ്ട വിധം ഒപ്പമുള്ളവര്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണാം.