രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തകൾ അതിവേഗം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മാതൃകയിൽ യാത്രക്കാർക്ക് ഏറ്റവും മുന്തിയ സേവനങ്ങളാണ് റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് നടപ്പാക്കിവരുന്നതാണ് ഈ പദ്ധതി. വികസനം പൂർത്തിയാകുമ്പോഴുള്ള രേഖാചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
2022 മെയ് മാസത്തിൽ തമിഴ്നാട്ടിലെ ചെന്നൈ എഗ്മോർ, രാമേശ്വരം, കാട്പാടി, കന്യാകുമാരി, മധുര റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അദ്ദേഹം തറക്കല്ലിട്ടു. ജൂണിൽ ഗുജറാത്തിലെ ഉദ്ന, സൂറത്ത്, സോമനാഥ്, സബർമതി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും അദ്ദേഹം തറക്കല്ലിട്ടു. അതേ മാസം തന്നെ, കർണാടകയിലെ ബെംഗളൂരു കാന്ത്, യശ്വന്ത്പൂർ സ്റ്റേഷനുകളുടെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത റെയിൽവേ സ്റ്റേഷൻ - ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചിരുന്നു.
2022 ജൂലൈയിൽ ജാർഖണ്ഡിലെ റാഞ്ചി റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് തറക്കല്ലിട്ടു. 2022 സെപ്റ്റംബറിൽ കേരളത്തിലെ എറണാകുളം, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. അതേ മാസം തന്നെ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ന്യൂഡൽഹി, അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.
2022 നവംബറിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് തറക്കല്ലിട്ടു. 2022 ഡിസംബറിൽ, മഹാരാഷ്ട്രയിലെ നാഗ്പൂർ, അജ്നി (നാഗ്പൂർ) റെയിൽവേ സ്റ്റേഷനുകളുടെയും പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷന്റെയും പുനർവികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു. 2023 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.