കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടയിൽ രാഹുൽഗാന്ധിക്ക് പിന്തുണയുമായി തമിഴ് സൂപ്പർ താരം രജനികാന്ത് രംഗത്തെത്തി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെയ്ക്കരുതെന്നാണ് തന്റെ നിലപാടെന്ന് രജനികാന്ത് ന്യൂസ് 18നോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ ഇനിയും പലതും തെളിയിക്കാൻ സാധിക്കുമെന്നും രജനികാന്ത് പറഞ്ഞു. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും രജനികാന്ത് വ്യക്തമാക്കി. രാജ്യത്ത് മോദി തരംഗം ഉണ്ടെന്നത് അംഗീകരിച്ച രജനികാന്ത്, എന്നാൽ തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലും മോദി തരംഗം ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാജിവ് ഗാന്ധി വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നു. അതു കഴിഞ്ഞാൽ വാജ്പേയും. തമിഴ്നാട്ടിൽ ജയലളിത വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നുവെന്നും രജനി പറഞ്ഞു.