ദിവസങ്ങളായി ഭയാനകവും വേദനിപ്പിക്കുന്നതുമായ ഒരു കാഴ്ചക്ക് സാക്ഷ്യം വഹിക്കുകയാണ് ഒറാങ് ദേശീയോദ്യാനത്തിൽ ഉള്ളവർ (Orang National park). കഴിഞ്ഞ കുറച്ച് ദിവസമായി ചോരയൊലിക്കുന്ന മൂക്കുമായി നടക്കുകയാണ് ഇവിടുത്തെ ഒരു കാണ്ടാമൃഗം (Rhino). വേട്ടക്കാരന്റ ആക്രമണത്തിൽ കൊമ്പു നഷ്ടപ്പെട്ട കാണ്ടാമൃഗം ഇവിടുത്തെ ചതുപ്പു നിലത്തിൽ എന്തു ചെയ്യണമെന്നറിയാതെ നടക്കുകയാണ്. 2017 മുതൽ ഇവിടെ വേട്ടക്കാർ എത്തിയിരുന്നില്ല എന്ന് അധികൃതർ പറയുന്നു.
''ആദ്യം ഞങ്ങൾ കരുതിയത് കാണ്ടാമൃഗത്തിന്റെ കൊമ്പ് അവ അടി കൂടുന്നതിനിടെ നഷ്ടപ്പെട്ടതാണെന്നാണ്. ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. ഞങ്ങൾ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററെ വിവരം അറിയിച്ചു. തുടർന്ന് ഗുവാഹത്തിയിൽ നിന്ന് ഒരു സംഘമെത്തി. കാണ്ടാമൃഗത്തെ മയക്കിക്കിടത്തി അതിന്റെ സമീപത്ത് പോയി. മുറിവേറ്റ മറ്റ് പാടുകളൊന്നും അതിന്റെ ദേഹത്ത് ഇല്ലായിരുന്നെെങ്കിലും കൊമ്പ് മുറിക്കപ്പെട്ട നിലയിലായിരുന്നു. വേട്ടക്കാർ കാണ്ടാമൃഗത്തെ മയക്കി കിടത്തി കൊമ്പ് എടുത്തു കൊണ്ടു പോയതാണെന്ന് പരിശോധിച്ചപ്പോൾ മനസിലായി. ഇവിടെ 2017 ന് ശേഷമുള്ള ആദ്യ വേട്ടയാണ് ഇത്'', മംഗൽദോയ് ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രദീപ്ത ബറുവ ന്യൂസ് 18 നോട് പറഞ്ഞു.
ആസാമിലെ ദരാംഗ്, സോണിത്പൂർ ജില്ലകളിലായിൽ ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്താണ് ഒറാങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇവിടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ 23 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 2018ൽ 101 ആയിരുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം ഇപ്പോൾ 125 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 43 ആണും 49 പെണ്ണും 23 മൂരിക്കിടാങ്ങളുമാണ് ഉള്ളത്. 10 എണ്ണത്തിന്റെ ലിംഗം ഇതുവരെ നിർണയിക്കാനായിട്ടില്ല.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളിൽ ഒന്നാണ് കാണ്ടാമൃഗം. ഇക്കാരണത്താലാണ് സെപ്റ്റംബർ 22 ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത്. കാണ്ടാമൃഗങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയും ഈ അത്ഭുതകരമായ ജീവികളിലെ അവശേഷിക്കുന്ന എണ്ണത്തെ സംരക്ഷിക്കുകയുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും സെപ്റ്റംബർ 22ന് ലോകം അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങളെ ആദരിക്കും. കറുപ്പ്, വെള്ള, വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിവയാണ് അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങൾ.