ഹൈദരാബാദ്: വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവം വലിയ ചർച്ചയായി മാറുകയാണ്. പ്രതികളെ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്ന പൊലീസ് സംഘത്തിന് നേതൃത്വം നൽകിയത് സൈബരാബാദ് കമ്മീഷണർ വി.സി സജ്ജനാർ ആണ്. പെൺകുട്ടികളെ ആക്രമിച്ച കേസിലെ പ്രതികളെ സജ്ജനാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വധിക്കുന്നത് ഇത് ആദ്യ സംഭവമല്ല. 2008 ഡിസംബറിൽ ആന്ധ്രയിലെ വാറംഗലിന് അടുത്ത് രണ്ടു പെൺകുട്ടികൾക്കുനേരെ ആസിഡാക്രമണം നടത്തിയ കേസിലെ മൂന്നു പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. അന്ന് വാറംഗൽ എസ്.പിയായിരുന്ന സജ്ജനാർ ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
കേസിലെ പ്രതികളായിരുന്ന എസ്. ശ്രീനിവാസ് റാവു (25), കൂട്ടാളികളായ പി. ഹരികൃഷ്ണ (24), ബി. സഞ്ജയ് (22) എന്നിവരാണ് അന്ന് വെടിവയ്പിൽ കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്തയുടൻ ആയിരുന്നു പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത്. നാടൻ തോക്ക് ഉപയോഗിച്ച് പൊലീസിനുനേരെ വെടിയുതിർത്തപ്പോൾ തിരിച്ചു വെടിവെക്കുകയായിരുന്നുവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. അന്ന് നാടൻ തോക്കും ആസിഡും ഉപയോഗിച്ചാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്.
രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികൾക്കുനേരെ ആസിഡ് ആക്രമണം നടത്തിയതിനാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വാറങ്കൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാമോനൂരിലായിരുന്നു സംഭവം. കോളേജിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വാറങ്കലിലെ കകതിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളായ സ്വപ്നികയ്ക്കും പ്രനിതയ്ക്കും നേരെ ആസിഡാക്രമണം ഉണ്ടായത്. ശ്രീനിവാസിന്റെ പ്രണയാഭ്യർഥന സ്വപ്നിക നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ആസിഡാക്രണം നടത്തിയത്.
പെൺകുട്ടികൾക്കെതിരായ ആക്രമണം അന്ന് ആന്ധ്രാപ്രദേശിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കുറ്റവാളികളുടെ അറസ്റ്റ് വൈകിയത് പൊലീസിനും സർക്കാരിനും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പ്രതിപക്ഷവും വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് വാറങ്കൽ പോലീസ് സൂപ്രണ്ട് വി.സി. സജ്ജനാറുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ ഉപയോഗിച്ച മോട്ടോർ ബൈക്കും ആസിഡ് കുപ്പിയും കണ്ടെടുക്കുന്നതിനായാണ് മാമോനൂരിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പൊലീസ് പ്രതികളെയുംകൊണ്ട് വന്നത്. എന്നാൽ അവിടെയെത്തിയപ്പോൾ അവർ പെട്ടെന്ന് ഒളിപ്പിച്ചുവെച്ച ആസിഡും തോക്കും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും തുടർന്ന് പൊലീസ് വെടിവെക്കുകയുമായിരുന്നുവെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്. അന്ന് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചതും സജ്ജനാർ തന്നെയായിരുന്നു.