പെരുമാറ്റ ചട്ടലംഘനങ്ങളിൽ എന്ത് നടപടിയെടുത്തു? തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
പെരുമാറ്റ ചട്ട ലംഘനങ്ങളിൽ നടപടിയെടുക്കലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയെന്നും പരാതികൾക്ക് മുകളിൽ ഉറങ്ങരുതെന്നും കോടതി ഓർമ്മിപ്പിച്ചു
News18 | April 15, 2019, 1:13 PM IST
1/ 6
ന്യൂഡൽഹി: പെരുമാറ്റ ചട്ട ലംഘനങ്ങളിൽ അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ കേട്ട് നിസംഗരായി ഉറങ്ങരുതെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമ്മിപ്പിച്ചു. ചട്ട ലംഘന പരാതികളിൽ സ്വീകരിച്ച നടപടികൾ വിശദീകരിയ്ക്കാനും നിർദേശിച്ചു.
2/ 6
വർഗീയ പ്രചരണം നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജിയാണ് സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. പെരുമാറ്റ ചട്ട ലംഘനങ്ങളിൽ നടപടിയെടുക്കലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയെന്നും പരാതികൾക്ക് മുകളിൽ ഉറങ്ങരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
3/ 6
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ബി എസ് പി നേതാവ് മായാവതി എന്നിവരുടെ വർഗീയ പ്രസംഗങ്ങളിൽ നടപടി ഉണ്ടാകാത്തത് എന്തെന്ന് കോടതി ചോദിച്ചു. തങ്ങൾക്കുള്ള അധികാരം പരിമിതമാണെന്ന കമ്മീഷന്റെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
4/ 6
വർഗീയ പ്രസംഗം ഉണ്ടായാൽ നോട്ടീസ് അയയ്ക്കാൻ മാത്രമേ കഴിയൂ എന്നും അയോഗ്യരാക്കാൻ അധികാരമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. വർഗീയ പ്രസ്താവനകൾ ഉണ്ടാകുമ്പോൾ തന്നെ കർശന നടപടി ഉണ്ടാകണമെന്ന് കമീഷനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
5/ 6
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയുടെ കാര്യത്തിൽ ചിത്രം കണ്ട ശേഷം തീരുമാനമെടുക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. സിനിമ തടയുന്നതിനെക്കുറിച്ചുള്ള കമ്മീഷന്റെ അഭിപ്രായം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം.
6/ 6
ഈ തെരഞ്ഞെടുപ്പിൽ ഇതുവരെ നാനൂറോളം പെരുമാറ്റ ചട്ട ലംഘന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുണ്ട്. ഇതിൽ നല്ലൊരു പങ്ക് നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലാണ്. വർഗീയത പടർത്തി വോട്ടു തേടുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇന്ന് പരമോന്നത കോടതി നൽകിയിരിക്കുന്നത്.