ന്യൂഡൽഹി: തെലങ്കാന വെടിവെപ്പിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള അന്വേഷണം. സത്യം പുറത്തുവരാൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ട കോടതി തെലങ്കാന സർക്കാരിന്റെ വാദങ്ങൾ തള്ളി. മുൻ സുപ്രീംകോടതി ജഡ്ജി വി എസ് സിർപുർകർ തലവനായി മൂന്നംഗ അന്വേഷണ സമിതിയെയാണ് സ്വതന്ത്ര അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
സർക്കാർ, പൊലീസ് തലത്തിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായി പ്രത്യേക അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത് തെലങ്കാന പൊലീസിന് കനത്ത തിരിച്ചടിയായി. ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്റ്ററെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ. മുൻ സിബിഐ മേധാവി കാർത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
ഈ ഘട്ടത്തിൽ സമാന്തര അന്വേഷണത്തിന് ഉത്തരവിടരുതെന്ന് തെലങ്കാന സർക്കാർ കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ ആ വാദം കോടതി തള്ളി. പ്രതികൾ സ്ത്രീയ്ക്ക് എതിരെ കാണിച്ചതായി ആരോപിക്കപ്പെടുന്ന ക്രൂരതയെ കോടതി അവഗണിക്കുന്നില്ല. എന്നാൽ ആ സംഭവത്തിൽ നിഷ്പക്ഷ വിചാരണ ഉണ്ടാകേണ്ടതായിരുന്നു. പ്രതികൾ കൊല്ലപ്പെട്ടത്തോടെ വിചാരണ തന്നെ അപ്രസക്തമായി. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് നടന്നതെന്ന് വെളിപ്പെടേണ്ടതുണ്ട്. അതുകൊണ്ടു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.
പൊലീസിന് നേരെ പ്രതികൾ വെടിയുതിർത്തുവെന്നാണോ നിങ്ങൾ പറയുന്നതെന്ന് തെലങ്കാന സർക്കാരിന്റെ അഭിഭാഷകനായ മുകുൾ റോഹ്ത്തഗിയോട് കോടതി ചോദിച്ചു. അതെയെന്ന് അഭിഭാഷകൻ മറുപടി നൽകി. പൊലീസുകാരെ വിചാരണ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഒരു കുറ്റകൃത്യതിലും മാധ്യമ വിചാരണയല്ല വേണ്ടതെന്ന അഭിപ്രായ പ്രകടനത്തോടെയാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.