മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞ. മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം മൂന്നു കക്ഷികളുടെയും എം.എല്‍.എമാര്‍ പാസാക്കി.
അപ്രതീക്ഷിത നീക്കത്തിലൂടെ മൂന്ന് ദിവസം മുൻപ് ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില് വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതിവിധിക്കു പിന്നാലെ ഇരുവരും രാജിവച്ചു. ഇതേത്തുടർന്നാണ് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം സർക്കാരുണ്ടാക്കാൻ തീരുമാനിച്ചത്. കേവലഭൂരിപക്ഷത്തിന് 145 എംഎൽഎമാരുടെ പിന്തുണ വേണം. അതേസമയം 162 പേരുടെ പിന്തുണയുണ്ടെന്ന് ത്രികക്ഷി സഖ്യം വ്യക്തമാക്കി.