ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ന്. തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പായി വൻ സുരക്ഷാസന്നാഹമാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സ്നിപേഴ്സ് (ഒളിഞ്ഞ ഇടത്തില്‍നിന്നും വെടിവയ്ക്കുന്നയാള്‍) മുതൽ ആന്റി ഡ്രോൺ യൂണിറ്റ് വരെ സുരക്ഷ മുൻകരുതലായി ഒരുക്കിയിരിക്കുന്നത്.
20 കമ്പനി സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഓരോ കമ്പനിയിലും 70 മുതൽ 80 വരെ അംഗങ്ങളാണ് ഉള്ളത്. ഡി സി പി റാങ്കിലുള്ള 20 ഉദ്യോഗസ്ഥരും ലോക്കൽ പൊലീസിൽ നിന്നുള്ള 1000 പേരും ആന്റി ഡ്രോൺ ടീമും എൻ എസ് ജി കമാൻഡോകളും സുരക്ഷാവലയം തീർക്കാൻ ഉണ്ടാകും. റാലി നടക്കുന്ന മുഴുവൻ സ്ഥലവും ശുദ്ധീകരിച്ച് കഴിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.