മുൻഗാമിയായ ദേവേന്ദ്ര ഫഡ്നവിസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം എപ്പോഴും തന്റെ സുഹൃത്തായിരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസിലെ നാനാ പഠോള മഹാരാഷ്ട്ര സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിയമസഭയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് ശിവസേന അധ്യക്ഷന്റെ പ്രതികരണം.
' ഇപ്പോഴും ഞാൻ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണ് അത് ഒരു കാലത്തും ഉപേക്ഷിക്കില്ല.. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഒരിക്കൽ പോലും സർക്കാരിനെ താൻ വഞ്ചിച്ചിട്ടില്ല..' എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായുള്ള സൗഹൃദത്തെപ്പറ്റിയും ശിവസേനാ നേതാവ് ഈ അവസരത്തിൽ പരാമർശിച്ചിരുന്നു
താൻ ഭാഗ്യവാനായ ഒരു മുഖ്യമന്ത്രിയാണെന്നും താക്കറെ പറയുന്നു.. ' എന്നെ എതിർത്തിരുന്ന ആളുകൾ ഇന്ന് എന്റെ സുഹൃത്തുക്കളാണ്... ഞാൻ ആർക്കൊപ്പമായിരുന്നോ അവരിന്ന് എതിര് പക്ഷത്തും.. ഭാഗ്യവും ജനങ്ങളുടെ അനുഗ്രഹവും കൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്. ഇവിടെ വരെ എത്തുമെന്നും ആരോടും ഞാൻ പറഞ്ഞിട്ടില്ല.. പക്ഷെ എത്തി...'
മുൻ സഖ്യകക്ഷിയായ ബിജെപിക്ക് ഒരു കുത്തു നൽകാനും ഇതിനിടെ താക്കറെ മറന്നില്ല. 'അർദ്ധരാത്രിയിൽ ഒന്നും ചെയ്യില്ല എന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഉറപ്പു നൽകുന്നു' എന്നായിരുന്നു ബിജെപിയെ ഉന്നം വച്ച് താക്കറെയുടെ വിമർശനം... ജനഹിതം അനുസരിച്ച് ആയിരിക്കും ഞാൻ പ്രവർത്തിക്കുക.. സഖ്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇരുട്ടി വെളുക്കുന്ന സമയം കൊണ്ട് ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ച നീക്കത്തെ പരിഹസിച്ചായിരുന്നു താക്കറെയുടെ വാക്കുകൾ.
രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ രണ്ട് ദിവസം മുമ്പാണ് എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യ സർക്കാർ പ്രതിനിധിയായി ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ താക്കറെയുടെ ഈ നടപടി വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കോൺഗ്രസും എന്‍സിപിയുമായി സഖ്യം ചേർന്നതോടെ ശിവസേനയുടെ ഹിന്ദുത്വ ആശയങ്ങളെ താക്കറെ ദുർബലപ്പെടുത്തി എന്നായിരുന്നു മുഖ്യ ആരോപണം. ഇത്തരം വിമർശനങ്ങൾക്ക് കൂടിയാണ് താക്കറെ ഇന്ന് സഭയിൽ മറുപടി നൽകിയിരിക്കുന്നത്.