ഹൈദരാബാദ്: 'കീഴടങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടെങ്കിലും അവർ നിന്നില്ല, പൊലീസിനുനേരെ കല്ലെറിഞ്ഞു. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഞങ്ങൾക്ക് നേരെ വെടിയുതിർക്കേണ്ടി വന്നു- സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ ന്യൂസ് 18 നോട് പറഞ്ഞു. വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിലാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
കേസിലെ പ്രതികളായ മുഹമ്മദ് അലി എന്ന മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ കുമാർ, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് പൊലീസ് വെടിവെച്ചുകൊന്നത്. തെളിവെടുപ്പിനിടെ കല്ലെറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കവെയാണ് വെടിയുതിർത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
“അവർ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാൻ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവർ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. കീഴടങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടപ്പോഴും അവർ നിന്നില്ല. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഞങ്ങൾക്ക് വെടിയുതിർക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. "സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി.സജ്ജനാർ ന്യൂസ് 18നോട് പറഞ്ഞു.
നവംബർ 27 ന് രാത്രിയാണ് ഷാദ്നഗറിലെ ചട്ടൻപള്ളി ഗ്രാമത്തിനടുത്തുള്ള ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപംവെച്ച് (എൻഎച്ച് -44) വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം പാലത്തിന് അടയിൽകൊണ്ടുവന്ന് കത്തിക്കുകയും ചെയ്തു. കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഏറ്റമുട്ടലിൽ പൊലീസ് വധിച്ചത്.