പാട്ന: ട്രെയിൻ എഞ്ചിനും മൊബൈൽ ടവറുമൊക്കെ മോഷ്ടിച്ചുകൊണ്ടുപോയ വാർത്തകൾ നമ്മൾ കേട്ടതാണ്. ഇപ്പോഴിതാ, രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ട്രാക്ക് മോഷ്ടാക്കൾ ഇളക്കിക്കൊണ്ടുപോയെന്ന വാർത്തയാണ് വരുന്നത്. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിചിത്രമായ മോഷണക്കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയതായാണ് റിപ്പോർട്ട്. മോഷണവുമായി ബന്ധപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർപിഎഫ്) രണ്ട് അംഗങ്ങളെ സസ്പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സോണൽ മേധാവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സസ്പെൻഷനിലായ ആർപിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ട്രാക്ക് ഇളക്കിക്കൊണ്ടുപോയതെന്നാണ് വിവരം. പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ എഫ്ഐആർ ഫയൽ ചെയ്യും. 2023 ജനുവരി 24 നാണ് കവർച്ചയെക്കുറിച്ച് വിവരം പുറത്തുവന്നത്.
സംഭവത്തിൽ സമസ്തിപൂർ റെയിൽവേ ഡിവിഷൻ ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോഹത്ത് പഞ്ചസാര മില്ലിലേക്കുള്ള റെയിൽവേ ട്രാക്കാണ് ഇളക്കിക്കൊണ്ടുപോയത്. ഈ മിൽ പ്രവർത്തനം നിർത്തിയതോടെയാണ് ട്രാക്ക് ഉപയോഗിക്കാതെയായത്. മില്ലിലേക്കുള്ള ചരക്കുനീക്കത്തിനായാണ് പാണ്ഡൗൾ ട്രെയിൻ സ്റ്റേഷനിൽനിന്ന് പ്രത്യേക ട്രാക്ക് നിർമിച്ചത്.
ജഞ്ജർപൂർ ഔട്ട്പോസ്റ്റ് കമാൻഡർ ശ്രീനിവാസ്, മധുബനി ജമാദാർ മുകേഷ് കുമാർ സിംഗ് എന്നിവരുടെ പേരിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. ലേലം വിളിക്കാതെ ട്രെയിൻ പാത ബിസിനസുകാർക്ക് വിറ്റെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. കേസിൽ പ്രതികളായ അനിൽ യാദവും രാഹുൽ കുമാറും അറസ്റ്റിലായി. പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു രാഹുൽ കുമാർ.