പ്രസവശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ബില്ലടയ്ക്കാൻ പണമില്ല; നവജാത ശിശുവിനെ ആശുപത്രിക്ക് വിറ്റെന്ന് ദമ്പതികൾ
35,000 രൂപയായിരുന്നു ബിൽ. ഇത് അടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് ബിൽ അടയ്ക്കാനുള്ള തുക കണ്ടെത്താൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നാണ് പരാതി.
ആഗ്ര: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാതിരുന്നതിനെ തുടർന്ന് നവജാത ശിശുവിനെ ആശുപത്രിയ്ക്ക് വിറ്റെന്ന് ദമ്പതികൾ.
2/ 9
ആശുപത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞിനെ വിറ്റതെന്നും ദമ്പതികൾ ആരോപിക്കുന്നു. ആഗ്ര ട്രാൻസ്-യമുനയിലെ ജെ.പി ആശുപത്രിക്കെതിരെയാണ് ദമ്പതിമാർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
3/ 9
റിക്ഷാ തൊഴിലാളിയായ ശിവ് ചരണിന്റെ ഭാര്യ ബബിത ഓഗസ്റ്റ് 24-ാം തീയതിയാണ് ആറാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സിസേറിയൻ നടത്തിയാണ് ഡോക്ടർമാർ ആൺകുഞ്ഞിനെ പുറത്തെടുത്തത്. 35,000 രൂപയായിരുന്നു ബിൽ.
4/ 9
ഇത് അടയ്ക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് ബിൽ അടയ്ക്കാനുള്ള തുക കണ്ടെത്താൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നാണ് പരാതി. പണമില്ലാത്തതിനാൽ കുഞ്ഞിനെ ആശുപത്രിക്ക് വിറ്റെങ്കിലും ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെന്നാണ് ദമ്പതിമാരുടെ ആവശ്യം.
5/ 9
കുഞ്ഞിനെ കൈമാറിയതോടെ ഒരു രൂപ പോലും ബില്ലടയ്ക്കാൻ ആവശ്യപ്പെടാതെ ഡിസ്ചാർജ് ഷീറ്റ് പോലും നൽകാതെ ഇവരെ വിട്ടയക്കുകയായിരുന്നുവെന്ന് ശിവ് ചരൺ പറഞ്ഞു. എഴുത്തോ വായനയോ അറിയാത്തതിനാൽ ആശുപത്രി അധികൃതർ നൽകിയ പല കടലാസുകളിലും വിരലടയാളം പതിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
6/ 9
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമായിട്ടും ബബിതയ്ക്ക് സർക്കാരിൽനിന്ന് പ്രസവധനസഹായം ലഭിച്ചിരുന്നില്ല. ഗർഭകാലത്ത് ആശ വർക്കറോ മറ്റു ആരോഗ്യപ്രവർത്തകരോ സഹായിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു.
7/ 9
ശംഭു നഗറിലെ വാടക വീട്ടിലാണ് ശിവ് ചരണും ഭാര്യയും അഞ്ച് മക്കളും താമസിക്കുന്നത്. ഇവരുടെ മൂത്തമകന് 18 വയസുണ്ട്. ഇയാൾ ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായി.
8/ 9
അതേസമയം, ദമ്പതിമാരുടെ ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാൽ ദമ്പതിമാർ സ്വമേധയാ ആശുപത്രിക്ക് കൈമാറിയതാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ജെ.പി. ആശുപത്രി മാനേജർ സീമ ഗുപ്ത പറഞ്ഞു.
9/ 9
സംഭവം വിവാദമായതോടെ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് പറഞ്ഞു.