യുവഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വെടിയേറ്റുമരിച്ച സാഹചര്യവും ചുറ്റുപാടും വിരൽ ചൂണ്ടുന്നത് നിയമലംഘനത്തിലൂടെ പൊലീസ് നിയമം നടപ്പിലാക്കിയെന്നാണ്. അതാണ് യാഥാർത്ഥ്യമെങ്കിൽ യുക്തിക്കോ നീതി ബോധത്തിനോ നിരക്കുന്നതല്ല ആ നടപടി. അത് ആൾകൂട്ട നീതിയാണ്. വിവേകത്തെക്കാൾ വികാരം നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന നടപടിയാണത്. നിയമപാലകർ തന്നെ അങ്ങനെ നീതി നടപ്പിലാക്കിയാൽ അതിനെ ഒരു തരത്തിലും ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. ആൾക്കൂട്ട നിതി നടപ്പിലാക്കാനല്ല നയമപാലകർ. സിനിമകളിലും കഥകളിലും കാഴ്ചക്കാരേയും വായനക്കാരേയും ഹരം കൊള്ളിക്കാൻ അത് നല്ലതാണ്. പക്ഷെ നിയമംപാലിക്കുന്ന ഒരു സമൂഹത്തിന് അത് ഭൂഷണമല്ല. അലങ്കാരവുമല്ല.
ഹൈദരാബാദിലെ പൊലീസ് നീതി----- മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്ന കേശവലു. ഈ നാലു പേരെയാണ് ഹൈദരാബാദ് പൊലീസ് വെളുപ്പിന് മൂന്നിനും ആറിനുമിടയിൽ വെടിവച്ചു കൊന്നത്. പറയുന്ന കാരണം ഇവർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ്. ഇവർ നിസ്സാരക്കാരല്ല. രാജ്യത്തെ തന്നെ നടുക്കിയ കൊലക്കുറ്റം ചെയ്തവരാണ്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഒരു യുവതിയെ വലയിൽ കുരുക്കി ബലാത്സംഗം ചെയ്തു കൊന്നവരാണ്. അതിന് ശേഷം ശവശരീരം പെട്രോളൊഴിച്ച് കത്തിച്ച് തെളിവ് പോലും നശിപ്പിക്കാൻ ശ്രമിച്ചവരാണ്. ഇവർ ചെയ്ത ക്രൂരതയ്ക്ക് വെടിവച്ചല്ല കൊല്ലേണ്ടത് ഇതിലും കടുത്ത നടപടി വേണമെന്ന് കരുതുന്നവരുണ്ടാകാം. അത് അവരുടെ വികാരമാണ്. സഹജീവി സ്നേഹമാണ്. പക്ഷെ ഇങ്ങനെ അതിക്രൂരമായി കൊലനടത്തിയവരെ തെളിവെടുപ്പിനായി കൊണ്ട് പോയത് വിലങ്ങ് പോലും വയ്ക്കാതെയാണോ? മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെയാണോ? അതല്ല സുരക്ഷാക്രമീകരണങ്ങളുണ്ടായിരുന്നെങ്കിൽ അത് മറികടന്നാണോ ഇവർ പൊലീസിനെ ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ചത്. ഇനി ഇങ്ങനെ എല്ലാ ക്രമീകരണങ്ങളും മറികടന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവച്ചതെങ്കിലും ഒരു ചോദ്യം ബാക്കിയാവുന്നു. നാലു പേരിൽ ഒരാളെ പോലും ജീവനോടെ പിടിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്.
ഇരുട്ടത്തെ തെളിവെടുപ്പ് എന്തിനായിരുന്നു----ഹൈദരാബാദ് പൊലിസിന്റെ നടപടിയിൽ ഉയർന്ന ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എന്ത് തെളിവ് ശേഖരിക്കാനാണ് വെളിച്ചമില്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് ഈ നാലു പ്രതികളേയും പൊലീസ് എത്തിച്ചത്. പകൽവെളിച്ചത്തിൽ നടത്തേണ്ട തെളിവെടുപ്പ് എങ്ങനെയാണ് കൂരിരുട്ടിൽ നടത്തുക. ജനങ്ങൾ പ്രതിഷേധിക്കുമെന്നാണ് മറുപടിയെങ്കിൽ അതിനുള്ള സുരക്ഷ ഒരുക്കേണ്ടതും പൊലീസ് തന്നെയാണ്. നാളിതുവരെ നടന്ന വ്യാജ ഏറ്റുമുട്ടലുകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഹൈദരാബാദ് പൊലീസ് നടത്തിയ വെടിവയ്പ്. നീതി നടപ്പാക്കിയതിന് ജനക്കൂട്ടം നൽകിയ മധുരം കഴിച്ച് തലയാട്ടി മടങ്ങിയ കമ്മീഷണർക്കും സംഘത്തിനും വ്യാജഏറ്റുമുട്ടലിനുള്ള പതിവ് തിരക്കഥയില് ചെറുമാറ്റമെങ്കിലും വരുത്താമായിരുന്നു. സഹജീവി സ്നേഹം, അത് വേണ്ടത് തന്നെയാണ്. ഗോവധം ആരോപിച്ച് ആൾക്കൂട്ടം സഹജീവികളെ തല്ലികൊന്നപ്പോഴും ഇതേ വികാരമുണരണമായിരുന്നു.
ആഘോഷ രാഷ്ട്രീയം-----വെറ്റിനററി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവച്ചു കൊന്നുവെന്ന വാർത്ത പരന്നതിന് പിന്നാലെ വൻജനക്കൂട്ടമാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ആ പ്രദേശമാകെ അവർ കൈയ്യടക്കി. മധുരം വിതരണം ചെയ്തും പൊലീസിനെ പുഷ്പവൃഷ്ടി നടത്തിയും അവർ ആഘോഷിച്ചു. പൊലീസിന്റെ ഈ ധീരകൃത്യം രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയുടെ ഭാഗമാകാൻ അധികം സമയം വേണ്ട. അതിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. യുവതിയെ അതിക്രൂരമായി കൊലപ്പടെുത്തിയത് പൊലീസിന്റെയും സർക്കാരിന്റെയും കൊടുംവീഴ്ചയായി കുറ്റപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം അസ്തമിച്ചത്. പക്ഷെ അടുത്ത ദിവസം പുലരുന്നത് അതേ സർക്കാരിനേയും പൊലിസിനേയും അതേ വിഷയത്തിൽ വാനോളം പുകഴ്ത്തികൊണ്ടാണ്. ആരോപണ രാഷ്ട്രീയത്തെ ആഘോഷ രാഷ്ട്രീയമാക്കാൻ തെലങ്കാന സർക്കാരിന് വേണ്ടി വന്നത് മൂന്ന് മണിക്കൂറും നാലു ജീവനുമാണ്. ഒരു ജീവനെടുത്തതിനെതിരെ ഉയർന്ന പ്രതിഷേധാഗ്നി നാല് ജീവന് പകരമെടുത്ത് കെടുത്തി തെലങ്കാന സർക്കാർ.
ഏറ്റുമുട്ടൽ ആസൂത്രിതമായാലും അല്ലെങ്കിലും രാജ്യത്തെ ഏറ്റവും ധീരനായ സ്ത്രീ സംരക്ഷകനായിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്റെ പൊലീസും. ഒരു പഴയ കഥ കൂടി പറയാം. 2008ലെ കഥയാണ്. ഹൈദരാബാദിൽ നാല് പേരെ വെടിവച്ചു കൊന്ന അതേ കമ്മീഷണർ വി.സി.സജ്ജനാർ ഉൾപ്പെട്ടതാണ് ഈ കഥയും. സജ്ജനാർ അന്ന് വാറങ്കൽ എസ്പിയായിരുന്നു. പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേർ ഇതു പോലെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അന്ന് കുറച്ചുനാൾ സസ്പെൻഷൻ ലഭിച്ചു. രാഷ്ട്രീയ നേതൃത്വത്തിനും ഗുണം ലഭിച്ചതിനാൽ ഇത്തവണ പ്രോമോഷനാകാനാണ് സാധ്യത. ഇനി പറയൂ ഹൈദരാബാദിൽ നടന്നത് നിയമലംഘനമോ നീതി നടപ്പാക്കലോ..