ഇനി ബംഗാളിലെ സ്ഥിതിയും മമതയ്ക്ക് അത്ര ശുഭകരമല്ലെന്ന് കാണാം. 2014ൽ 34 സീറ്റ് ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് 22 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകളാണ്. ബിജെപിയുടെ കുതിപ്പിൽ സിപിഎമ്മിന് ആകെയുണ്ടായിരുന്ന രണ്ടു സീറ്റുകളും കോൺഗ്രസിന് നാലിൽ രണ്ട് സീറ്റുകളും നഷ്ടമായിരുന്നു.
എൻഡിഎയുടെ ഭാഗമായി നിന്ന് ഒടുവിൽ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായി മാറിയ നേതാവ് ആണ് TDPയുടെ ചന്ദ്ര ബാബു നായിഡു. മോദി വീണ്ടും ഭരണത്തിൽ വരാതിരിക്കാൻ പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ ഓടി നടന്നതും നായിഡു ആയിരുന്നു. ഒടുവിൽ ആന്ധ്ര പ്രദേശിന്റെ ഭരണവും പോയി. അടുത്ത തെരഞ്ഞെടുപ്പു വരെ അപ്രസക്തനായി മാറിയിരിക്കുകയാണ് നായിഡു.
മോദി വിരുദ്ധരിൽ ഏറ്റവും ശക്തമായ ആക്രമണം നടത്തിയതിൽ മറ്റൊരു പ്രമുഖ മമത ബാനർജി ആയിരുന്നു. ബിജെപി നേടില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ മമത, കാലിനടിയിലെ മണ്ണ് ഒലിച്ചു പോയത് അറിഞ്ഞില്ല. ഇനി പശ്ചിമ ബംഗാളും കേന്ദ്രവും ആയി തർക്കങ്ങൾ സ്ഥിരമാകും. ശാരദാ ചിട്ടിഫണ്ട് കേസിലും തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളും പുതിയ സർക്കാർ മമതയ്ക്കെതിരെ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
രാഷ്ട്രീയത്തിൽ വന്ന നാൾ മുതൽ മോദിയുടെ കടുത്ത വിമർശകനായ അരവിന്ദ് കെജ്രിവാളിന്റെ ഭാവിയിൽ അടുത്ത ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നിർണായകമാണ്. കഴിഞ്ഞ തവണ മോദിക്ക് എതിരെ മത്സരിച്ച കേജ്രിവാൾ, മോദി കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണവുമായി അടുത്തിടെ രംഗത്ത് വന്നിരുന്നു. റഫാൽ ഉൾപ്പടെ ഉള്ള വിഷയങ്ങളിൽ മോദിയെ നേരിട്ട് കുറ്റപ്പെടുത്തിയവരിൽ മുന്നിൽ ആയിരുന്നു കേജ്രിവാൾ.