അതിർത്തിയിലെ സംഘർഷം കാരണം ചൈനീസ് കമ്പനിയെ ഐപിഎൽ സ്പോൺസർഷിപ്പിൽനിന്ന് നീക്കിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഐപിഎല്ലിന്റെ സ്പോൺസറാകാൻ ശ്രമിക്കുന്ന യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലിക്ക് വെല്ലുവിളിയുമായി വിദ്യാഭ്യാസരംഗത്തെ പ്രമുഖ ഓൺലൈൻ കോച്ചിങ് സ്ഥാപനമായ അൺഅക്കാദമി. ഇതോടെ ഈ സീസണിൽ ഐപിഎൽ സ്പോൺസർഷിപ്പ് ആരു നേടുമെന്നത് ഉറ്റുനോക്കുകയാണ് ആരാധകർ.
അതിർത്തി സംഘർഷത്തെ തുടർന്നാണ് ചൈനീസ് മൊബൈൽ കമ്പനിയായ വിവോയെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ബിസിസിഐ നീക്കിയത്. ഇതോടെ ഐപിഎൽ സ്പോൺസറാകാൻ സന്നദ്ധത പ്രകടിപ്പിച്ച് പതഞ്ജലി രംഗത്തെത്തിയിരുന്നു. എന്നാൽ ഒടുവിൽ അൺഅക്കാദമി കൂടി രംഗതതെത്തിയതോടെ ഈ രംഗത്ത് മത്സരം മുറുകുമെന്ന് ഉറപ്പായി. ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്നാണ് ബിസിസിഐയിലെ ഉന്നതൻ പിടിഐയോട് പറഞ്ഞത്.
പ്രതിവർഷം 440 കോടി രൂപയുടെ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്നാണ് ബിസിസിഐ വിവോയെ ഒഴിവാക്കിയത്. അതേസമയം പുതിയ സ്പോൺസർഷിപ്പിന് 300 മുതൽ 350 കോടി രൂപയാണ് ബിസിസിഐ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഈയൊരു വർഷത്തേക്ക് മാതരമായിരിക്കും കരാറെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഈ സീസണിലെ മത്സരദിനങ്ങൾ ഉൾപ്പടെ നാലുമാസവും 13 ദിവസവുമായിരിക്കും കരാർ കാലാവധി.