പ്രാദേശികമായാണ് മിത്തുകള്‍ ഉണ്ടാകുന്നതെങ്കില്‍ ഇക്കാലത്തെ ആവിഷ്കാരരൂപമായ മീമുകള്‍ക്ക് ആഗോള സമൂഹത്തില്‍ സാന്നിധ്യമുണ്ട്. മിത്തുകള്‍ തലമുറകളെ സ്വാധീനിക്കുമെങ്കില്‍ മീമുകള്‍ക്ക് ഉടനടി പ്രതികരണമുണ്ടാകുന്നു. രണ്ടിലും പൊതുവായുള്ള കഥ പറച്ചിലിന്റെ പാരമ്പര്യത്തിലൂന്നിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
എന്‍എഫ്ടി, ക്രിപ്റ്റോ വിപണികളിലേയ്ക്കുള്ള തങ്ങളുടെ ചുവടുവെയ്പ്പാണ് 101 ഇന്ത്യാ എന്‍എഫ്ടി ക്രിയേറ്റേഴ്സ് പ്രൊജക്റ്റിലേയ്ക്കു നയിച്ചതെന്ന് 101 ഇന്ത്യാ, ഓഫ്ബിറ്റ് മീഡിയാ ഗ്രൂപ്പ് സ്ഥാപകന്‍ ജയ്ദീപ് സിംഗ് പറഞ്ഞു. കൊച്ചിയെ സര്‍ഗസൃഷ്ടികളുടെ കേന്ദ്രമായാണ് തങ്ങള്‍ കാണുന്നത്. കൊച്ചിയിലെ പ്രൊജക്റ്റിനെത്തുടര്ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകളെയാണ് കൊച്ചിയിലെ പ്രൊജക്റ്റില്‍ അണി നിരത്തിയിരിക്കുന്നതെന്ന് ആര്‍ടിസ്റ്റും പ്രൊജക്റ്റിന്റെ ക്യുറേറ്ററുമായ വിമല്‍ ചന്ദ്രന് പറഞ്ഞു. വെബ് 3, എന്‍എഫ്ടികളുടെ വളര്‍ച്ചാ സാധ്യതകളിലേയ്ക്കു വെളിച്ചം വീശുന്ന വിവിധ പരിപാടികളും പ്രൊജക്റ്റിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്..
പ്രശസ്തരും എന്‍എഫ്ടിയില്‍ വിജയം വരിച്ചവരുമായ റെഷിദേ ആര്‍കെ, വിമല്‍ ചന്ദ്രന്, അജയ് മേനോന്, റിമ കല്ലിങ്കല്‍, പ്രസാദ് ഭട്ട്, അര്‍ച്ചന നായര്‍, സതീഷ് ആചാര്യ, സചിന് സാംസണ് തുടങ്ങിയവരാണ് ഷോയില്‍ പങ്കെടുക്കുന്നവര്‍. എന്‍എഫ്ടി നിക്ഷേപത്തിന്റെ വിശാല ലോകം കേരളത്തിലെ കലാകാരന്മാര്ക്കും നിക്ഷേപകര്‍ക്കും പരിചയപ്പെടുത്തുകയാണ് ഷോയുടെ ലക്ഷ്യം.