കോഴിക്കോട്: മാവോയിസ്റ്റു കേസില്‍ അറസ്റ്റിലായ അലനെയും ത്വാഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് അമ്മമാരുടെ പ്രതിഷേധം. യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് ത്വാഹയുടെ ബന്ധു ഹസീന ആരോപിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കി അമ്മമാരുടെ സമരം.
ഇടതു സര്‍ക്കാറിന്റെ നയം മുഖ്യമന്ത്രിക്ക് നടപ്പാക്കാനാകാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തക പി ഗീത പറഞ്ഞു. അന്വേഷി പ്രസിഡന്റ് കെ അജിതയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥികളെ വിട്ടയക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്ന് ത്വാഹയുടെ മാതൃസഹോദരി ഹസീന പറഞ്ഞു. എന്നാല്‍ എന്‍.ഐ.എക്ക് വഴിയൊരുക്കി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിസഹിക്കുകയാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയെ ത്വാഹയുടെ ഉമ്മ കണ്ടിരുന്നു. യു.എ.പി.എ ഒഴിവാക്കുമെന്നും ഉമ്മ ഭയപ്പെടേണ്ടതില്ലെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രി പറയുംപോലെയല്ല പൊലീസ് ചെയ്യുന്നത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രാദേശികമായി സി.പി.എം സഹായം ത്വാഹയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്. അവര്‍ക്കെല്ലാം കാര്യങ്ങള്‍ അറിയാം. എന്നാല്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ എന്തുചെയ്യാനാണ്- ഹസീന പറഞ്ഞു.
യു.എ.പി.എക്കെതിരെയാണ് സി.പി.എം നിലപാടെന്ന് പറയുമ്പോഴും മുഖ്യമന്ത്രി കേസിനെ ന്യായീകരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക പി ഗീത പറഞ്ഞു. വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയല്ല, എന്ത് തെറ്റാണ് അവര്‍ ചെയ്തതെന്ന് തുറന്നു പറയണം. യു.എ.പി.എക്ക് എതിരാണ് സി.പി.എം നിലപാട്. സര്‍ക്കാറും അങ്ങിനെ തന്നെ. എന്നിട്ടും യു.എ.പി.എ ചുമത്തിയത് എന്ത് കൊണ്ടാണ്. ഇതിന് പുറമെ മുഖ്യമന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ മോശമാണ്. സ്വന്തം പാര്‍ട്ടി നിലപാട് നടപ്പാക്കാന്‍ കഴിയാത്ത രീതിയില്‍ എന്ത് പ്രതിസന്ധിയിലാണ് മുഖ്യമന്ത്രി അകപ്പെട്ടതെന്ന് നാട്ടുകാരോട് പറയണം. ആ പ്രതിസന്ധി പരിഹരിക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്. കാരണം നാട്ടുകാരാണ് മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും തിരഞ്ഞെടുത്തത്. ഞങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഇങ്ങിനെ പ്രതിസന്ധിയിലാകുന്നത് ഞങ്ങള്‍ക്ക് പ്രശ്നമാണ്'- പി ഗീത പറഞ്ഞു.