പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ പ്രചാരണ പ്രവർത്തനങ്ങൾക്കായി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപ്പിക്കാനാണ് നീക്കം. ശ്രീധരൻ പിള്ളയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാത്തതും പുന:സംഘടന പൂർത്തിയാക്കാത്തതും പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും വലിയ ഗ്രൂപ്പ് വഴക്കാണ് നടക്കുന്നത്. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാനുള്ള യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും. ദേശീയ സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, വക്താവ് ജിവിഎൽ നരസിംഹറാവു എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഗ്രൂപ്പ്-ജാതി സമവാക്യങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന.