വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കത്തില്‍ മാപ്പ് പറഞ്ഞ് ബാര്‍ അസോസിയേഷന്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജിക്കാണ് ട്രിവാൻഡ്രം ബാര്‍ അസോസിയേഷന് മാപ്പ് അറിയിച്ചുകൊണ്ടുള്ള കത്ത് നല്‍കിയത്. മജിസ്ട്രേറ്റിനെ ഫോണ്‍ വിളിച്ചും അസോസിയേഷന് ഖേദപ്രകടനം നടത്തി. മജിസ്ട്രേറ്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് മാപ്പ് പറച്ചില്.
നവംബര്‍ 27നാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മജിസ്ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെ ഒരു സംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി പിന്നീട് സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് വിഷയത്തില്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി.ജയചന്ദ്രന് അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.