കുമളി: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാത മറികടന്ന് എത്തിയ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്ക് എത്തി. നിലവിൽ കുമളിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ, ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപ മേഖലയിലാണ് അരികൊമ്പന് ഉള്ളത്. ഈ മേഖലയില്‍ നിന്നും, ചിന്നക്കനാലിലേയ്ക്ക്, തിരികെ മടങ്ങാനുള്ള സാധ്യതയും തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ രാത്രി, കുമളി റോസാപൂകണ്ടത്തെ ജനവാസ മേഖലയില്‍ എത്തിയ അരികൊമ്പനെ, ആകാശത്തേയ്ക്ക് വെടി ഉതിര്‍ത്താണ്, കാട് കയറ്റിയത്. പിന്നീട് തമിഴ്നാട് അധീനതയിലുള്ള വന മേഖലയിലേയ്ക്ക് ആന മാറുകയായിരുന്നു. കൊട്ടാരക്കര- ഡിണ്ടിഗല്‍ ദേശീയ പാത മുറിച്ച് കടന്നാണ്, അരികൊമ്പന് ലോവര്‍ ക്യാമ്പിന് സമീപത്തെ വന മേഖലയിലേയ്ക്ക് കടന്നിരിയ്ക്കുന്നത്.
ഇവിടെ നിന്നും കമ്പംമെട്ട്- ബോഡിമെട്ട് മേഖലയ്ക്ക് സമീപത്തെ വന പ്രദേശത്ത് കൂടി, മതികെട്ടാന്‍ ചോലയിലേയ്ക്കും ചിന്നക്കനാലിലേയ്ക്കും തിരികെ എത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ലോവര്‍ ക്യാമ്പില്‍ നിന്ന് ചിന്നക്കനാലിലേക്ക് 80 കിലോമീറ്റര്‍ ആണ് ഉള്ളത്. ഇതില്‍ 40 കിലോമീറ്റര്‍ പരിധി അരിക്കൊമ്പന് ചിന്നക്കനാലില്‍ ഉണ്ടായിരുന്നപ്പോള്‍ സഞ്ചരിക്കുന്ന വനമേഖലയാണ്. അതുകൊണ്ട് തന്നെ അതിന്റെ പരിചിത മേഖലയാണ് ഈ 40 കിലോമീറ്റര്‍. ആന ദിവസേന പത്ത് കിലോമീറ്ററോളം സഞ്ചരിയ്ക്കുന്നുണ്ട്.