കണ്ണൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച കണ്ണൂർ ജില്ലയിലെ ആസാം സ്വദേശിനി മുൻമി ഗെഗോയിക്ക് സ്നേഹ വീട് ഒരുക്കി സുരേഷ് ഗോപി. ഇരിട്ടി പയഞ്ചേരി സ്വദേശിയായ കെ എൻ സജേഷിന്റെ ഭാര്യയായാണ് മുൻമി കേരളത്തിലെത്തിയത്.
2/ 11
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ വികാസ്നഗർ വാർഡിൽ ബിജെപി സ്ഥാനാർഥിയായി മുൻമി മത്സരിച്ചിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു.
3/ 11
മുൻമിയുടെ ജീവിതസാഹചര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സുരേഷ്ഗോപി വീട് വാഗ്ദാനം ചെയ്തത്. ഡോ. പി.സലീം, തില്ലങ്കേരി കാർക്കോട്ട് സൗജന്യമായി സ്ഥലവും നൽകി.
4/ 11
സുരേഷ്ഗോപി നിലവിളക്ക് കൊളുത്തി മുൻമിയുടെ കുടുംബാംഗങ്ങളോടൊപ്പം വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. വീടിന് ശ്രീലക്ഷ്മിയെന്ന് പേരും നൽകി.
5/ 11
9 വർഷം മുൻപ് കണ്ണൂരിന്റെ മരുമകളായി എത്തിയ മുൻമി ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. ഇതോടെ മുൻമി മാധ്യമ ശ്രദ്ധ നേടിയിരുന്നു.
6/ 11
ആസാമിലെ ലോഹിന്പൂരിലെ ലീല ഗഗോയ്- ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ് ഈ 27കാരി. വഴിതെറ്റിയെത്തിയ ഒരു മിസ്ഡ് കോളാണ് മുൻമിയുടെ ജീവിതത്തിൽ വഴിതിരിവായത്.
7/ 11
ചെങ്കൽ പണയിലെ ജോലിക്കാരെ തേടിയാണ് ഇരിട്ടി പയഞ്ചേരിയിലെ സജേഷ് അസാമിലുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചത്. നമ്പർ തെറ്റിവന്നതാണെന്ന് അറിയാതെ മറുതലക്കൽ കോൾ എടുത്തത് ഒരു യുവതി.
8/ 11
ഹിന്ദി നന്നായി അറിയാവുന്ന സജേഷ് പിന്നെ വീണ്ടും വീണ്ടും വിളിച്ചു. അത് പ്രണയമായി വളരാൻ താമസമുണ്ടായില്ല.
9/ 11
ഒരു വർഷം നീണ്ട പ്രണയത്തിന് ശേഷം മുൻമിയെ ജീവിത സഖിയാക്കി കൂടെ കൂട്ടി.
10/ 11
മലയാളം നന്നായി സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും മുൻമിക്ക് അത്രവശമില്ല. ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് മുൻപ് ഇവർ താമസിച്ചിരുന്നത്.
11/ 11
പച്ച മലയാളത്തിൽ സംസാരിക്കുന്ന മുൻമി നാട്ടുകാർക്കും അയൽവാസികൾക്കും പ്രിയങ്കരിയാണ്.