ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്നങ്ങളും നേതാക്കൾ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളും മുന്‍ സംസ്ഥാന പ്രസിഡന്റുമാരുമാരായ കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ്, മെട്രോമാന് ഇ ശ്രീധരന് എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം അശ്വനി വൈഷ്ണവിനെ കണ്ടത്.
വികസനത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് മെട്രോ മാൻ ഇ.ശ്രീധരൻ പറഞ്ഞു. 5 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കില്ല. ഡി പി ആറിലെ അപര്യാപ്തത തുടരുകയാണ്. സാമ്പത്തികമായും സാങ്കേതികമായും പദ്ധതി കേരളത്തിന് യോജിക്കുന്നതല്ലെന്നും ബി ജെ പി സംഘത്തോടൊപ്പം കേന്ദ്ര മന്ത്രിയെ സന്ദർശിച്ച ശേഷം ഇ ശ്രീധരൻ പറഞ്ഞു.
നേരത്തെയും ബിജെപി നേതാക്കള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്തെ നേതാക്കള്‍ ഒന്നിച്ച് കേന്ദ്രറെയില്‍വേ മന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പാരിസ്ഥിതിക നാശത്തിന് പുറമെ കേരളത്തെ കടക്കെണിയിലാക്കുന്നതുമായ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ബിജെപി സംഘടിപ്പിക്കുന്നത്.