തിരുവനന്തപുരം: പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസിലെ പ്രതികൾ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചാണെന്ന് സൂചന. സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച റെയ്ഡ് നടത്തി. രണ്ട് മൊബൈൽ ഫോണുകളും മൂന്ന് മെമ്മറി കാർഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തവയിൽ രണ്ട് സമാർട്ട് വാച്ചുകളും ഉണ്ടെന്നാണ് വിവരം. പ്രതികൾ പരീക്ഷ എഴുതുമ്പോൾ പുറത്ത് നിന്ന് എസ്എംഎസ് സന്ദേശം എങ്ങനെ സ്വീകരിച്ചുവെന്ന് ഫോണുകൾ പരിശോധിക്കുന്നതിലൂടെ കണ്ടെത്താൻ സാധിച്ചേക്കും.
പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് അൻപതിലേറെ പേർ ഉൾപ്പെടുന്ന വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സാധാരണ പി.എസ്.സി പരീക്ഷാ ഹാളിൽ മൊബൈൽഫോൺ അനുവദിക്കാറില്ല. ഫോൺ പരീക്ഷാഹാളിനു പുറത്തുവെക്കണം. എന്നാൽ, ഫോൺ പുറത്തുവെക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയിൽ കെട്ടിയിരുന്ന സ്മാർട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന.
സുഹൃത്തുക്കൾ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങൾ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളിൽനിന്ന് ചോദ്യക്കടലാസ് ജനാലവഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണുപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ഇവ കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. ശിവരഞ്ജിത്തിനെയും നസീമിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ഉൾപ്പെടെ അയക്കും.
നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാ സമയത്ത് ഉത്തരങ്ങൾ നൽകിയെന്നു സംശയിക്കുന്ന പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണു പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസിൽ പ്രതികൾ. ഇതിൽ ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുലിന്റെ ബൈക്ക് എസ്.എ.പി. ക്യാമ്പിലുണ്ട്. എവിടെയാണെന്നു ഗോകുൽ ഓഫീസിൽ അറിയിച്ചിട്ടില്ല. തുടർച്ചയായി 21 ദിവസം ഹാജരാകാതിരുന്നാൽ ഇയാൾക്കെതിരേ അച്ചടക്കനടപടിയെടുക്കാം. ഗോകുൽ ജില്ല വിട്ടതായാണ് സൈബർസെൽ കണ്ടെത്തിയത്.